| Sunday, 6th July 2025, 8:47 am

വരും തലമുറയെ സനാതനധർമം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകളും ഗോശാലയും സ്ഥാപിക്കണം: ഗവർണർ രാജേന്ദ്ര ആർലേക്കർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വരും തലമുറയെ സനാതനധർമം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകളും ഗോശാലയും സ്ഥാപിക്കണമെന്ന വിവാദ പരാമർശവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. സനാതന ധർമത്തിൽ മതമല്ല പഠിപ്പിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധർമം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും എല്ലാവരും ചെയ്യേണ്ട കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ സനാതന ധര്‍മത്തെ ബഹുമാനിക്കുന്നുണ്ട്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്കായി ക്ഷേത്രങ്ങളില്‍ ഗോശാലകള്‍ നിര്‍മിക്കണം. ഇതിന് ഒരുപാട് സഹായം ലഭിക്കും. ക്ഷേത്ര ദേവസ്വങ്ങള്‍ ഇവ നിര്‍മിക്കാന്‍ മുന്‍കൈ എടുക്കണം’, ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂരിലെത്തിയ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നേരെ കെ.എസ്‌.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സര്‍വകലാശാലകളെ ആര്‍.എസ്.എസ് വത്ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ജൂണ്‍ അഞ്ചിന് രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷം സംബന്ധിച്ച് സർക്കാരും ഗവർണറും തമ്മിൽ വിവാദം ഉടലെടുത്തിരുന്നു. പരിപാടിയിൽ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും വേണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വലിയ വിവാദം ഉണ്ടായി.

പിന്നാലെ കൃഷി വകുപ്പ് പരിപാടി റദ്ദാക്കി. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ചിത്രത്തിലുള്ളതല്ല യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂപടമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കൃഷിവകുപ്പ് പരിപാടി റദ്ദാക്കിയത്. ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ കാവി പുതച്ച സ്ത്രീയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു. പിന്നാലെ മറ്റ് പരിപാടികളിലും സമാനമായ ചിത്രം വെക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നിഷേധിച്ചിരുന്നു.

ഇതേ തുടർന്നുള്ള വിവാദങ്ങൾ നിലനിൽക്കവെയാണ് സനാതനധർമത്തെക്കുറിച്ചുള്ള പുതിയ വിവാദ പരാമർശവുമായി ഗവർണർ എത്തുന്നത്.

അതേസമയം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ത്ത് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരെയും നീതിപീഠത്തേയും ഉപയോഗിക്കുകയാണെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ആര്‍. രാജേഷ് വിമർശിച്ചു.

സര്‍വകലാശാലകളെ രാഷ്ട്രീയമായി നിയന്ത്രിക്കുവാന്‍ മാത്രമായി ചാന്‍സലര്‍മാരെ ചുമതലപ്പെടുത്തുന്നുവെന്നും തങ്ങള്‍ക്കിഷ്ടപ്പെട്ട വൈസ് ചാന്‍സലര്‍മാരെ യോഗ്യതകള്‍ പോലും പരിഗണിക്കാതെ നിയമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Schools and cow shelters should be established in temples to teach Sanatana Dharma to the coming generation: Governor Rajendra Arlekar

We use cookies to give you the best possible experience. Learn more