| Saturday, 23rd August 2025, 8:31 pm

സ്കൂൾ മേൽക്കൂര തകർന്ന് വീണ് 7 വിദ്യാർത്ഥികൾ മരിച്ച സംഭവം; രാജസ്ഥാനിലെ 86,000 ക്ലാസ് മുറികളുടെ ഉപയോഗം നിരോധിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിലെ 86,000 ക്ലാസ് മുറികളുടെ ഉപയോഗം നിരോധിച്ച് ഹൈക്കോടതി. മുറികൾ പൂട്ടിയിടണമെന്നും കുട്ടികളെ അവയിൽ പ്രവേശിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ജൂലൈയിൽ ജലവാർ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് ഏഴ് വിദ്യാർത്ഥികൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് സർക്കാർ സർവേ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിധി. ജസ്റ്റിസുമാരായ മഹേന്ദ്ര കുമാർ ഗോയൽ, അശോക് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉപയോഗം നിരോധിച്ച ക്ലാസ്മുറികളിലെ വിദ്യാർത്ഥികളുടെ പഠനം തടസപ്പെടാതിരിക്കാൻ അനുയോജ്യമായ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട് അനുസരിച്ച് രാജസ്ഥാനിൽ 63,018 സർക്കാർ സ്കൂളുകളാണുള്ളത്. അവയിൽ 5,26,162 ക്ലാസ് മുറികളും ഉണ്ട്. ഇതിൽ 86,934 ക്ലാസ്മുറികൾ പൂർണമായും തകർന്നതായും 5,667 സ്കൂളുകൾ ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്നും സർവേയിൽ കണ്ടെത്തി. 17,109 ടോയ്‌ലറ്റുകൾ തകർന്നതായും 29,093 എണ്ണം നന്നാക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജലവാർ സ്കൂൾ ദുരന്തത്തെത്തുടർന്ന് അധ്യാപകർ നടത്തിയ പ്രാഥമിക സർവേയുടെ ഭാഗമാണ് ഈ കണ്ടെത്തലുകൾ.

ജലവാർ സ്കൂൾ ദുരന്തം നടന്ന് ദിവസങ്ങൾക്ക് ശേഷം ജയ്സാൽമീറിൽ ഒരു സ്കൂളിന്റെ പ്രധാന ഗേറ്റ് തകർന്നുവീണിരുന്നു. സംഭവത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസ് സെപ്റ്റംബർ നാലിലേക്ക് കോടതി മാറ്റി.

Content Highlight: School roof collapses, 7 students die; High Court bans use of 86,000 classrooms in Rajasthan

We use cookies to give you the best possible experience. Learn more