അഹമ്മദാബാദ്: ഗുജറാത്തില്‍ പഠനത്തിന് അര്‍ഹനല്ലെന്ന് പറഞ്ഞ് ദളിത് വിദ്യാര്‍ത്ഥിക്ക് മര്‍ദനം. 15 വയസുകാരനായ വിദ്യാര്‍ത്ഥിയെ ഒരു സ്‌കൂള്‍ ഉടമ വിദ്യാഭ്യാസത്തിന് അര്‍ഹനല്ലെന്ന് പറഞ്ഞുകൊണ്ട് മര്‍ദിക്കുകയായിരുന്നു. മോര്‍ബി ജില്ലയില്‍ വാങ്കനീര്‍ പട്ടണത്തിലെ ഗ്യാന്‍ ഗംഗ സ്‌കൂളിലാണ് സംഭവം. സിയാസത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഓഗസ്റ്റ് 26നാണ് വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത്. ലഘുഭക്ഷണം കഴിക്കുന്നതിനിടെയാണ് സ്‌കൂള്‍ ഉടമ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. യോഗേന്ദ്രസിങ് സാല എന്നയാളാണ് വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ചതും മര്‍ദിച്ചതും.
വിദ്യാര്‍ത്ഥി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ഥലത്തെത്തിയ യോഗേന്ദ്രസിങ് സാല അപ്രതീക്ഷിതമായി കുട്ടിയുടെ വയറ്റില്‍ മര്‍ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് വിവരം. പിന്നാലെ കുട്ടി ബോധരഹിതനായി വീഴുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. കുട്ടി ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.
നിലവില്‍ സ്‌കൂള്‍ ഉടമയായ യോഗേന്ദ്രസിങ് സലക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.സി,എസ്.ടി അതിക്രമങ്ങള്‍ തടയല്‍ നിയമം, ബി.എന്‍.എസ് സെക്ഷന്‍ 115(2), ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 എന്നിവ പ്രകാരമാണ് കേസ്. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Content Highlight: School owner beats up Dalit student in Gujarat