| Sunday, 4th October 2026, 12:47 pm

സ്കൂൾ ഒളിമ്പിക്സ് അട്ടിമറിച്ചു; 117.5 പവന്റെ സ്വർണ്ണക്കപ്പും പതാകയും എവിടെയെന്ന് വ്യക്തമാക്കണം: വി. ശിവൻകുട്ടി

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിൽ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് നിലവിലെ സർക്കാർ പൂർണമായും അട്ടിമറിച്ചതായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.

ഒളിമ്പിക്സിന്റെ പ്രധാന ആകർഷണമായിരുന്ന 117.5 പവന്റെ സ്വർണ്ണക്കപ്പും അടുത്ത വേദിക്കായി കൈമാറിയ ഔദ്യോഗിക പതാകയും എവിടെപ്പോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു സ്കൂൾ വിദ്യാർത്ഥികൾക്കായി ഒളിമ്പിക്സ് മാതൃകയിൽ കായികമേള സംഘടിപ്പിച്ചത്. സാധാരണയായി പല ജില്ലകളിലും പല കേന്ദ്രങ്ങളിലുമായി കായിക മത്സരങ്ങൾ നടത്തുമ്പോൾ അത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിന് മാറ്റം വരുത്താനാണ് ഒരു ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ഒളിമ്പിക്സ് എന്ന ആശയം നടപ്പിലാക്കിയത്. ആൺകുട്ടികളും പെൺകുട്ടികളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും കേരള സിലബസ് പിന്തുടരുന്ന എട്ടോളം ഗൾഫ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുമടക്കം 25,000 കായിക പ്രതിഭകളാണ് മേളയിൽ അണിനിരന്നത് എന്ന് അദ്ദേഹം പറഞ്ഞു.

‘ഇതൊരു ചരിത്ര സംഭവമായിട്ടാണ് മാറിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ് ഏർപ്പെടുത്തിയതും ചരിത്രത്തിൽ ആദ്യമായിരുന്നു. എന്നാൽ ഇന്നിപ്പോൾ അതിനെ മുഴുവൻ അട്ടിമറിച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട, നമ്മുടെ കായികതാരങ്ങൾക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ വാതിലുകൾ തുറന്നുകൊടുത്ത സ്കൂൾ ഒളിമ്പിക്സ് പഴയതുപോലെ തന്നെ നടത്താൻ സർക്കാർ നടപടി സ്വീകരിക്കണം,’ ശിവൻകുട്ടി ആവശ്യപ്പെട്ടു.

മേളയുടെ ചില ഇനങ്ങൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്വർണ്ണക്കപ്പ് എവിടെയെന്ന കാര്യത്തിൽ ദുരൂഹതയുണ്ട്. ‘യഥാർത്ഥത്തിൽ സ്കൂൾ ഒളിമ്പിക്സിന്റെ മത്സരങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സ്വർണക്കപ്പ് പ്രധാന വേദിയിൽ കൊണ്ടുവരേണ്ടതുണ്ട്. ഇപ്പോൾ ആ 117.5 പവന്റെ സ്വർണക്കപ്പ് എവിടെ എന്നുള്ള വിവരം ബഹുമാനപ്പെട്ട മന്ത്രി വ്യക്തമാക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതുപോലെതന്നെ മുൻപ് മത്സരങ്ങൾ സമാപിക്കുമ്പോൾ അടുത്ത വേദി പ്രഖ്യാപിക്കുകയും ആ ജില്ലയിലെ ഭരണാധികാരിക്ക് പതാക കൈമാറുകയും ചെയ്യുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. കഴിഞ്ഞതവണ കണ്ണൂർ ജില്ലയിൽ മേള നടത്തുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഔദ്യോഗിക പതാക കൈമാറിയിരുന്നു. എന്നാൽ ഇപ്പോൾ ആ ഫ്ലാഗും കാണാനില്ല, അവിടെ എന്താണ് സംഭവിച്ചതെന്നും അറിയില്ല. കണ്ണൂരിൽ നിശ്ചയിച്ചിരുന്ന വേദി മാറ്റിയ അവസ്ഥയാണുള്ളത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ 25,000 കുട്ടികൾക്ക് ഭക്ഷണവും താമസവും യാത്രാസൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഉറപ്പാക്കിയിരുന്നു. രണ്ടായിരത്തോളം വിധികർത്താക്കളാണ് അന്ന് പങ്കെടുത്തത്. കായികലോകം ഒന്നടങ്കം പ്രശംസിച്ച ഒരു മാതൃകയെ എന്തിനാണ് തകർത്തതെന്ന് അദ്ദേഹം ചോദിച്ചു.

മത്സരങ്ങൾ പലയിടങ്ങളിലായി വികേന്ദ്രീകരിച്ച് നടത്തുമ്പോൾ ചെലവുകളുടെ കാര്യത്തിൽ കൃത്യമായ കണക്കുകളുണ്ടാകില്ല. ആരാണ് ചിലവഴിച്ചത്, എങ്ങനെ ചിലവഴിച്ചു, എന്തിന് ചിലവഴിച്ചു എന്ന് ആർക്കും അറിയില്ലെന്നും കാര്യങ്ങൾ ഷെഡ്ഡ് പൊളിഞ്ഞുവീണതുപോലെ താറുമാറായ അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മേള പഴയ പ്രതാപത്തോടെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കായിക രംഗത്തെ പ്രമുഖർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിൽ നടത്തുന്ന സമരത്തിൽ താനും നേരിട്ട് പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സ്കൂൾ ഒളിമ്പിക്സ് വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയാണെന്നും കായിക വകുപ്പിന്റെ നെഞ്ചത്തു കയറേണ്ടതില്ലെന്നുമുള്ള മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തോട്, സംഘാടനം വിദ്യാഭ്യാസ വകുപ്പിന്റേതാണെന്ന വാദം ശരിയാണെന്നും എന്നാൽ ആ തൃശൂരിൽ നിന്നുള്ള മന്ത്രിയായതിനാലാണ് താൻ വിമർശനം ഉന്നയിച്ചതെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

‘കായിക മന്ത്രി പറഞ്ഞതിൽ ഒരു വസ്തുതയുണ്ട്, ഇത് വിദ്യാഭ്യാസ വകുപ്പാണ് നടത്തേണ്ടത് എന്നത് ശരിയാണ്. പക്ഷേ, ഇപ്പോൾ മത്സരങ്ങൾ നടക്കുന്നത് തൃശൂർ ജില്ലയിൽ വെച്ചാണ്. അദ്ദേഹം തൃശൂരിൽ നിന്നുള്ള വ്യക്തിയാണല്ലോ, കായിക മന്ത്രിയുമാണ്. അപ്പോൾ ഒരു ദിവസം വന്ന് തിരിഞ്ഞു നോക്കുന്നതിൽ തെറ്റില്ല എന്നാണ് ഞാൻ പറഞ്ഞത്. കുറച്ച് അപകടങ്ങൾ ഉണ്ടായപ്പോൾ ഒന്ന് വന്ന് നോക്കണമായിരുന്നു.

കുട്ടികൾക്ക് കുടിക്കാൻ മലിനജലം നൽകിയ സാഹചര്യമുണ്ടായപ്പോൾ അതിൽ ശരിയുണ്ടോ തെറ്റുണ്ടോ എന്ന് പരിശോധിക്കാൻ അവിടെ നേരിട്ടെത്താമായിരുന്നു. അത്രയേ ഞാൻ വ്യക്തമാക്കിയുള്ളൂ. അല്ലാതെ മേളയുടെ നടത്തിപ്പ് ചുമതല കായിക വകുപ്പിനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് പൂർണ്ണമായും വിദ്യാഭ്യാസ വകുപ്പിന് തന്നെയാണ്. എങ്കിലും സ്വന്തം ജില്ലക്കാരനും കായിക വകുപ്പ് കൈകാര്യം ചെയ്യുന്ന ആളുമെന്ന നിലയിൽ അവിടെ തിരിഞ്ഞുനോക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടായിരുന്നു,’ എന്ന് ശിവൻകുട്ടി പറഞ്ഞു.

Content Highlight:School Olympics sabotaged; whereabouts of the 117.5-pavan gold cup and the flag must be clarified: V. Sivankutty.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more