| Wednesday, 3rd September 2014, 9:54 am

അധ്യാപകന്റെ ആത്മഹത്യ: പിന്നില്‍ സ്‌കൂള്‍ അധികൃതരുടെ പിടിവാശിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മലപ്പുറം: ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ബന്ധപ്പെട്ടവര്‍ ഉറച്ചുനിന്നതാണ് അധ്യാപകനായ അനീഷ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപണം. മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകന്‍ കെ.കെ. അനീഷിനെയാണ് (34) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

2013 ഫെബ്രുവരി അഞ്ചിന് മൂന്നിയൂര്‍ സ്‌കൂളില്‍ നടന്ന പ്രശ്‌നമാണ് അനീഷിന്റെ സസ്‌പെന്‍ഷനിലും പിരിച്ചുവിടലിലും കലാശിച്ചതെന്ന് പറയുന്നു. സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ ചെരിപ്പിട്ട് കയറിയതിനെ തുടര്‍ന്ന് അറ്റന്‍ഡറുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.
തര്‍ക്കം ആദ്യം പറഞ്ഞവസാനിപ്പിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അടിപിടിക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതേത്തേുടര്‍ന്ന് 2013 മാര്‍ച്ച് രണ്ടിനാണ് സ്‌കൂളില്‍നിന്ന് അനീഷിനെ സസ്‌പെന്റ് ചെയ്തത്.

പുറത്താക്കി ഒരു വര്‍ഷവും നാല് മാസവും പിന്നിട്ടിട്ടും ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കൂട്ടാക്കാതിരുന്നതോടെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാനേജരുടെ ദുര്‍വാശിയാണ് കാരണമെന്നും നോട്ടീസ് കൊടുക്കാതെയാണ് പുറത്താക്കലുണ്ടായതെന്നും ഭരണ പ്രതിപക്ഷ സംഘടനകള്‍ പറയുന്നു.

അനീഷിനെ തിരിച്ചെടുക്കണമെന്ന് മുസ്‌ലിം ലീഗിന്‍േറതടക്കമുള്ള അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പിരിച്ചുവിട്ട സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടില്‍ സസ്‌പെന്‍ഷന്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് വിവിധ അധ്യാപക സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തുവന്നു. സംഘടനകള്‍ മൂന്നിയൂര്‍ പഞ്ചായത്ത് ഓഫിസ്, സ്‌കൂള്‍, ജില്ലാ കലക്ടറേറ്റ് എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ നീണ്ട പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു.

എന്നാല്‍, അതെല്ലാം ഫലം കാണാതെപോയി. ഒടുവില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഗോപി വിരമിക്കുന്ന ദിവസം വൈകുന്നേരമാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ ഒപ്പുവെച്ചത്.പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓണനാളില്‍ സ്‌കൂള്‍ മാനേജറുടെ വീട്ടുപടിക്കല്‍ പട്ടിണിസമരം നടത്താനിരിക്കെയാണ് അനീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സസ്‌പെന്‍ഷനോടെ സാമ്പത്തികമായി അനീഷിന്റെ കുടുംബം ഏറെ ഞെരുക്കത്തിലായി. കടംവാങ്ങിയും സഹപ്രവര്‍ത്തകരുടെ സഹായത്താലുമാണ് കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

2006 ജൂണ്‍ 17നാണ് അനീഷ് ജോലിയില്‍ പ്രവേശിക്കുന്നത്. ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അധികൃതര്‍ ഇദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തെ അനുകൂലിച്ചിരുന്നില്ലെന്നാണ് കെ.എസ്.ടി.എ ഭാരവാഹികള്‍ പറയുന്നത്. കെ.എസ്.ടി.എ യൂണിറ്റ് സെക്രട്ടറിയായും ഉപജില്ലാ കമ്മറ്റിയംഗവുമായും സജീവമായിരുന്ന അനീഷ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു.

ഫറോക്കിലെ വാടകവീട്ടില്‍നിന്ന് ഭാര്യ ഷൈനിയോടും മകന്‍ തുഷാറിനോടും തിങ്കളാഴ്ച പകല്‍ 11ഓടെ യാത്ര പറഞ്ഞിറങ്ങിയത് സര്‍വകലാശാലയില്‍ അത്യാവശ്യ കാര്യത്തിന് പോകുന്നു എന്നറിയിച്ചായിരുന്നു. വൈകുന്നേരം ഭാര്യ വിളിച്ചപ്പോള്‍ എടച്ചേരിയിലെ സ്വന്തം വീട്ടിലുണ്ടെന്നായിരുന്നു മറുപടി.

രാത്രി ഏഴായിട്ടും തിരിച്ചുവരാതായപ്പോള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. രാത്രി വൈകിയും ഫോണില്‍ കിട്ടാതായപ്പോള്‍ ഭാര്യ എടച്ചേരിയിലെ വീട്ടിലും അനീഷിന് അംഗത്വമുള്ള കേരള സ്‌റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) നേതാക്കളുമായും ബന്ധപ്പെട്ട് അന്വേഷണമായി. രാത്രി വൈകി നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാവാതെ വീട്ടുകാരും അധ്യാപക സുഹൃത്തുക്കളും വിഷമിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്തെിയെത്.

തിങ്കളാഴ്ച വൈകുന്നേരം ഏഴിനാണ് മലമ്പുഴലിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഹോട്ടലില്‍ കൃത്യമായ മേല്‍വിലാസം നല്‍കിയതിനാലാണ് മരിച്ചതറിഞ്ഞയുടന്‍ വീട്ടുകാര്‍ക്ക് വിവരം കൈമാറാന്‍ കഴിഞ്ഞത്.

We use cookies to give you the best possible experience. Learn more