| Thursday, 27th November 2025, 3:10 pm

സംഘപരിവാറിന്റെ ഭീഷണി; 'വീരനാട്യം' കലോത്സവത്തിനയക്കാതെ സ്‌കൂള്‍ മാനേജ്‌മെന്റ്; നിരാശയില്‍ വിദ്യാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ചനാടകമായി തെരഞ്ഞെടുത്ത വീരനാട്യം സംസ്ഥാന കലോത്സവത്തിന് അയക്കില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും തീരുമാനത്തില്‍ നിരാശരാണെ്‌നന് നാടകത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും.

സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരവും ലഭിച്ച കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ‘വീരനാട്യം’നാടകം സംസ്ഥാന കലോത്സവത്തിന് അയക്കേണ്ടെന്ന് തീരുമാനിച്ചത്.

നാടകത്തിന്റെ ഭാഗമായ കുട്ടികളും നാടകത്തിന്റെ പണിപ്പുരയിലുണ്ടായിരുന്നവരും ഈ തീരുമാനത്തില്‍ കടുത്ത നിരാശ പങ്കുവെച്ചു. കുട്ടികളോട് പോലും ചോദിക്കാതെ ഏകപക്ഷീയമായാണ് സ്‌കൂള്‍ തീരുമാനമെടുത്തതെന്ന് ഇവര്‍ പറയുന്നു. മറ്റൊരു നാടകം സ്‌കൂള്‍ കലോത്സവത്തിന് അയക്കാമെന്നാണ് സ്‌കൂള്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍, 90 ദിവസത്തോളം നീണ്ട കഠിന പരിശീലനത്തിലൂടെ പഠിച്ചെടുത്ത വീരനാട്യം നാടകം ഉപേക്ഷിച്ച് മറ്റൊരു കഥ തയ്യാറാക്കാനും വേദിയിലേറാനും അണിയറ പ്രവര്‍ത്തകരും നാടകത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥികളും തയ്യാറല്ല.

സംഘപരിവാറിന്റെ ഭീഷണിക്ക് വഴങ്ങി നാടകത്തിന്റെ സ്‌ക്രിപ്റ്റ് എഡിറ്റ് ചെയ്ത് സംസ്ഥാന കലോത്സവത്തിലെത്തിക്കില്ലെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു.

നാടകത്തില്‍ നിന്നുള്ള ഒരു രംഗം photo: youtube video screen grab

നാടകം അവതരിപ്പിച്ചപ്പോഴും പുരസ്‌കാരം നേടിയപ്പോഴുമൊന്നും ഉണ്ടാകാതിരുന്ന അത്രയും പ്രശ്‌നങ്ങളാണ് പിന്നീട് നേരിടേണ്ടി വന്നതെന്ന് നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.

നാടകത്തിലഭിനയിച്ച കുട്ടികള്‍ക്ക് സഹായം നല്‍കി കൂടെ നിന്നതിന്റെ പേരില്‍ സ്‌കൂളിലെ ഒരു അധ്യാപകനെ തീവ്രവാദിയെന്ന് ചാപ്പ കുത്തുന്നതിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. ഈ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യവും അംഗീകരിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒരു ദളിത് പെണ്‍കുട്ടി തിരുവാതിര പഠിക്കാനാഗ്രഹിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. സ്ത്രീകളെയും ദളിതരെയും ചേര്‍ത്തുനിര്‍ത്തുന്നതാണ് നാടകം. നാടകം മുഴുവന്‍ കാണാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്നും നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ പറയുന്നു.

അര മണിക്കൂറോളമുള്ള നാടകത്തിന്റെ ഇടയ്ക്കുള്ള ഒന്നര മിനിറ്റുള്ള ചെറിയൊരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചാരിപ്പിച്ചാണ് വിവാദങ്ങളുണ്ടാക്കുന്നത്. നാടകത്തിന്റെ ബാക്കി ഭാഗത്ത് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും ദളിത് അവകാശങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് നാടകത്തിന്റെ ഭാഗമായവര്‍ വിശദീകരിക്കുന്നു.

സംഭവത്തിലെ തെറ്റിദ്ധാരണ മാറ്റാനായി നാടകത്തിന്റെ മുഴുവന്‍ ഭാഗവും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നാടകമെഴുതിയത് ശരത് പ്രകാശും റഫീഖ് മംഗലശേരിയും ചേര്‍ന്നാണ്. നാടകത്തിന്റെ സംവിധാനവും റഫീഖ് മംഗലശേരിയുടേതാണ്.

ജില്ലയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച നാടകത്തിന് സംസ്ഥാന തലത്തിലും നല്ല അഭിപ്രായവും പുരസ്‌കാരവും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, സംഘപരിവാറിന്റെ ഭീഷണിയിലും വിദ്വേഷ പ്രചാരണത്തിലും ഇരുളടഞ്ഞിരിക്കുകയാണ് നാടകത്തിന്റെ ഭാവി. ഇനി സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പിന്തുണയിലാണ് അണിയറ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്ത് വിദ്യാര്‍ത്ഥികള്‍ നിറഞ്ഞകയ്യടിയോടെയാണ് വേദികളില്‍ നാടകം അവതരിപ്പിച്ചിറങ്ങിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം കൂടി നേടിയതോടെ സ്‌കൂളിന് നേട്ടം ഇരട്ടിമധുരവുമായിരുന്നു.

എന്നാല്‍, അടുത്ത ലക്ഷ്യമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് കടക്കും മുമ്പെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വരികയായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും.

നാടകം ഹിന്ദു മതത്തെയും ഹിന്ദു പുരാണങ്ങളെയും കഥാപാത്രങ്ങളെയും അധിക്ഷേപിക്കുന്നുവെന്നും തെറി വിളിക്കുന്നുവെന്നുമാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.

കാവിക്കൊടി അമ്പലത്തില്‍ പാടില്ല. പക്ഷേ സ്‌കൂള്‍ നാടകത്തില്‍ അത്യാവശ്യമാണ്. പുരാണ കഥാപാത്രങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് അവഹേളിച്ചെന്നും അപ്പോള്‍ മലപ്പുറത്തിന്റെ മണ്ണിന് രോമാഞ്ചമുണ്ടായെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഫേസ്ബുക്കിലൂടെ നാടകത്തിനെതിരെ പറഞ്ഞിരുന്നു.

പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ സ്‌കൂളിലെത്തി നാടകത്തിനെതിരായ പ്രതിഷേധം അറിയിച്ചിരുന്നു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും സ്‌കൂള്‍ മാനേജ്‌മെന്റും ചര്‍ച്ചയും നടത്തി. തുടര്‍ന്നാണ് നാടകം പിന്‍വലിക്കാന്‍ സ്‌കൂള്‍ തീരുമാനിച്ചത്.

ഹിന്ദുത്വ വാദികളുടെ വാദം ഏറ്റെടുത്ത് ജനം ടി.വിയടക്കം നിരന്തരം വാര്‍ത്തകള്‍ നല്‍കുകയും ചെയ്തതോടെയാണ് നാടകത്തിന്റെ ഭാഗമായിട്ടുള്ളവര്‍ സോഷ്യല്‍മീഡിയയിലടക്കം കടുത്ത അധിക്ഷേപങ്ങള്‍ക്കിരയായത്.സ്‌കൂള്‍ മാനേജ്‌മെന്റിന് നേരെയും കടുത്ത വിദ്വേഷ പ്രചാരണങ്ങളാണ് നടന്നത്.

മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂള്‍ മനപൂര്‍വ്വം ഹിന്ദുക്കള്‍ക്കെതിരായി നാടകം സംഘടിപ്പിച്ചെന്ന വാദവും ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തുന്നു. വിമര്‍ശനം കടുത്തതോടെയാണ് നാടകം സംസ്ഥാന കലോത്സവത്തിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പി.ടി.എയും സ്‌കൂള്‍ മാനേജ്‌മെന്റും എത്തിയത്. ഇക്കാര്യം അറിയിച്ച് സ്‌കൂള്‍ പത്രക്കുറിപ്പും ഇറക്കിയിരുന്നു.

Content Highlight:  School management not sending ‘Veeranatyam’ to Kalatsavam; Students and activists disappointed

We use cookies to give you the best possible experience. Learn more