| Monday, 1st June 2026, 9:55 pm

സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവം; ശിവന്‍കുട്ടി മറുപടി പറയമെന്ന് മേയര്‍ വി.വി. രാജേഷ്

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. സംഭവത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മറുപടി പറയണമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് ആവശ്യപ്പെട്ടു.

സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മേയറുടെ പ്രതികരണം.

പൊളിച്ചുകളയേണ്ടത്ര പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിയാനായി മുന്‍ മന്ത്രി വി. ശിവന്‍കുട്ടി മൂന്ന് കോടി രൂപ ചെലവാക്കിയത് എന്തിനാണെന്ന് മേയര്‍ ചോദിച്ചു. പൊതുപണം പാഴാക്കിയതിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ കോര്‍പറേഷന്‍ തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും മേയര്‍ വ്യക്തമാക്കി.

കുട്ടികള്‍ പഠിക്കുന്ന കെട്ടിടങ്ങള്‍ കൃത്യമായി പരിശോധിച്ച് കോര്‍പറേഷന്‍ ഫിറ്റ്‌നസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ പരിസരത്തെ കെട്ടിടങ്ങള്‍ പരിശോധിക്കണമെന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരുന്നില്ലെന്നും, അത്തരമൊരു കെട്ടിടമാണ് ഇപ്പോള്‍ തകര്‍ന്നതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ഒന്നിന് വൈകുന്നേരം ആറുമണിയോടെയാണ് സ്‌കൂള്‍ വളപ്പിലെ എസ്.എസ്.കെ ഓഫീസ് കെട്ടിടം തകര്‍ന്നത്. ഈ സമയത്ത് കുട്ടികളും അധ്യാപകരും സ്‌കൂളില്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

സംഭവം അതീവ ഗൗരവകരമാണെന്ന് മുന്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളും പരിശോധിക്കണമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കെട്ടിടത്തിന് കോര്‍പറേഷന്‍ ഫിറ്റ്‌നസ് നല്‍കിയിരുന്നോ എന്ന് പരിശോധിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.

തകര്‍ന്ന കെട്ടിടം നിലവില്‍ സ്‌കൂള്‍ കെട്ടിടമായല്ല, മറിച്ച് എസ്.എസ്.കെയുടെ ഓഫീസായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കി. വളരെ പഴക്കമുള്ള കെട്ടിടമാണിതെന്നും, ഫിറ്റ്‌നസ് നല്‍കിയതില്‍ എവിടെയാണ് വീഴ്ച പറ്റിയതെന്ന് പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഡി.ഡി.ഇയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: School building collapse incident; Mayor V.V. Rajesh says Sivankutty will answer

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more