തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു. ആദ്യ മെഡലുകളെല്ലാ തന്നെ പാലക്കാട്ടെ താരങ്ങള്‍ക്കാണ്. നാലു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവുമായാണ് പാലക്കാട് മുന്നേറുന്നത്.[]
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിലെ എം. കിഷോര്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ പറളി സ്‌കൂളിലെ തന്നെ എ സതീഷ് വെള്ളി നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു ചിത്ര സ്വര്‍ണം നേടിയപ്പോള്‍ മുണ്ടൂരിന്റെ തന്നെ വിദ്യ വെള്ളി സ്വന്തമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്‌കൂളിന്റെ മുഹമ്മദ് അഫ്‌സല്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിന്റെ അര്‍ച്ചന സ്വര്‍ണം നേടി. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും പാലക്കാട് തന്നെ സ്വന്തമാക്കി.
56ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയവും സെന്‍ട്രല്‍ സ്‌റ്റേഡിയവുമാണ് ചൊവ്വാഴ്ച മുതല്‍ നാല് ദിവസം വേദിയാവുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുമായി 2700 ഓളം താരങ്ങളാണ് കായിക മേളയില്‍ മാറ്റുരക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ പതാക ഉയര്‍ത്തും. വൈകുന്നേരം മൂന്നരക്ക് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഔ്യാഗിക ഉദ്ഘാടനം നിര്‍വഹിക്കും.
മേളയുടെ ദീപശിഖാപ്രയാണം തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പ്രധാനവേദിയായ യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ ദിവസം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍നിന്ന് മന്ത്രി കെ. ബാബു കൊളുത്തി നല്‍കി പ്രയാണം ആരംഭിച്ച ദീപശിഖ ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ സഞ്ചരിച്ചാണ് തിരുവനന്തപുരത്തെത്തിയത്.