തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ അനുകൂലി ടി.ജി. മോഹന്‍ദാസിനെതിരെ വിമര്‍ശനവുമായി ടി.എസ്. ശ്യാം കുമാര്‍.
സംഘിസം എത്രമാത്രം വിഷലിപ്തമായ ഒന്നാണെന്ന് ടി.ജി. മോഹന്‍ദാസിന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് ടി.എസ് ശ്യാംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുട്ടികളെ വെടിവെച്ച് കൊല്ലാന്‍ തനിക്ക് മടിയില്ലെന്ന് പ്രഖ്യാപിച്ച ടി.ജിയുടെ ആശയ പ്രപിതാമഹന്‍ ഗോഡ്സെയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗോഡ്സെ ആശയക്കാരാണ് ജന്തര്‍ മന്തറില്‍ ആണിയുള്ള വടിയുമായി സമരം ചെയ്ത യുവാക്കളെ തല്ലാന്‍ രാജ്യ തലസ്ഥാനത്ത് ക്യാമ്പ് ചെയ്തത്. യാതൊരു നെയിം ബോര്‍ഡുമില്ലാതെ യുവാക്കളെ തല്ലിച്ചതക്കാന്‍ എത്തിച്ചേര്‍ന്ന പരിവാരികളുടെ കേരള വേര്‍ഷനാണ് ടി.ജി മോഹന്‍ദാസ് എന്ന കൊടിയ ഹിന്ദുത്വവാദിയെന്നും ടി.എസ്. ശ്യാംകുമാര്‍ അഭിപ്രായപ്പെട്ടു.
‘മോഹന്‍ദാസ് പ്രഭൃതികള്‍ പറയുന്ന ആര്‍ഷഭാരത ധര്‍മം അക്രമവും കൊള്ളയും കൊള്ളിവയ്പ്പുമാണെന്ന് ഗുജറാത്ത് കലാപവും അയോദ്ധ്യാ കൊള്ളയും ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. നാരായണ ഗുരുവിന്റെയും മഹാനായ അയ്യന്‍കാളിയുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും കേരളത്തെ കലാപകലുഷിതമാക്കാനുള്ള ടെസ്റ്റ് ഡോസാണ് മോഹന പ്രഭൃതികളുടെ പ്രസ്താവന.
ജാതിമത ഭേദമെന്യേ കേരളം ഒറ്റക്കെട്ടായി ഈ സംഘികളെ നേരിടുകയും പ്രതിരോധിക്കുകയും ചെയ്തു കൊണ്ട്, ഗുരു ഭാവന ചെയ്ത സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം സംരക്ഷിക്കേണ്ടത് ഹിന്ദുത്വക്കാലത്തെ അനിവാര്യ സമരമാണ്,’ എന്നും ടി.എസ്. ശ്യാംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മോഹന്‍ദാസിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ടി.എസ്. ശ്യാംകുമാര്‍ ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്ന ഹിന്ദുത്വവാദികളെ ശക്തമായ തെരുവിലുള്‍പ്പെടെ ജനം നേരിടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ തെറി വിളിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഹിന്ദുത്വവാദികളെ ശക്തമായ പ്രതിരോധ സമരമാര്‍ഗങ്ങളിലൂടെ തെരുവിലുള്‍പ്പെടെ ജനം നേരിടുന്ന കാലം വിദൂരമല്ല.
ബഹു. കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി കൊലവിളി ഉയര്‍ത്തിയ ടി.ജി. മോഹന്‍ദാസിനെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു,’ ടി.എസ്. ശ്യാംകുമാര്‍ കുറിച്ചു.
താനായിരുന്നു കേന്ദ്ര സര്‍ക്കാരിന് പകരം സമരത്തെ കൈകാര്യം ചെയ്തിരുന്നതെങ്കില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവെക്കാന്‍ ഉത്തരവിടുമെന്നും ആ വെടിവെപ്പില്‍ ചിലര്‍ മരിക്കുമായിരുന്നുവെന്നുമായിരുന്നു മോഹന്‍ ദാസിന്റെ വിദ്വേഷ പരാമര്‍ശം.
‘എനിക്ക് ഈ സിറ്റുവേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്തു ചെയ്യും എന്ന് നിങ്ങളോട് പറയാം. ഞാന്‍ ആ പ്രദേശത്ത് കര്‍ഫ്യൂ ചുമത്തും. ജന്തര്‍ മന്ദര്‍ പരിസരത്ത് ഒരു നാല് സ്‌ക്വയര്‍ കിലോമീറ്ററില്‍ കര്‍ഫ്യൂ ചുമത്തും.
ജനക്കൂട്ടത്തോട് പിരിഞ്ഞു പോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്നു തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും.
ആളുകള്‍ ചിതറിയോടും. കുറെ പേര് മരിക്കും. കുറേ പേര് മരിക്കില്ല. കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലു മണിക്കൂര്‍ കൊണ്ട് ഈ രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും.
കുറേ കാര്യങ്ങള്‍ നടക്കും. ഇപ്പോള്‍, ശരി ഞാന്‍ ഇങ്ങനെ ചെയ്യുന്നത് ഒരു പരിഹാരം ആണ്. പ്രക്ഷോഭം ഒക്കെ അടിച്ചമര്‍ത്താന്‍ പറ്റും. ‘ എന്നാണ് യൂട്യൂബിലും ഫേസ്ബുക്കിലും അപ് ലോഡ് ചെയ്ത ഒരു വീഡിയോയില്‍ മോഹന്‍ദാസ് അഭിപ്രായപ്പെട്ടത്.
Content Highlight: Scholar TS Syam Kumar’s Sharp Criticizm against TG Mohandas on Hate Comments Against Jantar Mandar Protest