നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 4ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അസാധാരണ സംഭവങ്ങള്‍ക്കാണ് കേരളം, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് സിനിമാ താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം 107 സീറ്റുകള്‍ നേടിയിട്ടും മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ച്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്.
അതേസമയം 102 സീറ്റുകളുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.എഡി.എഫ് അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രിയാരാകണമെന്ന തര്‍ക്കങ്ങളില്‍ പെട്ട് വലയുന്ന കാഴ്ച്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കെ.സി.വേണുഗാപാലും രമേശ് ചെന്നിത്തലയും വി.ഡി.സതീശനുമാണ് കസേരക്കായി രംഗത്തുള്ളത്. റിസള്‍ട്ട് വന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തതില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. മൂന്ന് നേതാക്കളെയും പിന്തുണച്ച് കൊണ്ടുള്ള അണികളുടെ പരസ്യപ്രചരണവും രണ്ട് ദിവസമായി സജീവമാണ്.
Photo: Moneycontrol
ഇപ്പോഴിതാ സാഹചര്യത്തെ കൃത്യമായി അടയാളപ്പെടുത്തും വിധമുള്ള ഒരു സിനിമാ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ‘എല്ലാം ശരിയാകും’ എന്ന പൊളിറ്റിക്കല്‍ ഡ്രാമ ഴോണറില്‍ പെടുന്ന ചിത്രത്തിലെ സീനാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സമകാലിക കേരള രാഷ്ട്രീയത്തിന് സമാനമായി തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം മുഖ്യമന്ത്രി തര്‍ക്കം പരിഹരിക്കാനായി പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് ഇടപെടുന്നതാണ് സീനിന്റെ പശ്ചാത്തലം.
കേരളത്തില്‍ മൂന്നുപേരാണ് മുഖ്യമന്ത്രി കസേരയ്ക്കായി രംഗത്തുള്ളതെങ്കില്‍ ചിത്രത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച കെ.സി ചാക്കോയും ജി.സുരേഷ് കുമാര്‍ അവതരിപ്പിച്ച സുകുമാരന്‍ നായരും തമ്മിലാണ് അധികാര വടംവലിയെന്ന് കാണാം. സീനില്‍ ഉപയോഗിച്ച ഡയലോഗുകളും കൃത്യമായി യഥാര്‍ത്ഥ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നതാണ് പലരിലും കൗതുകമുണര്‍ത്തുന്നത്. സി.എമ്മിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങളല്ലല്ലോ ചാക്കോ സാറേ എം.എല്‍.എ മാരല്ലേ എന്നാണ് ‘യു.പി.എഫ്’ചെയര്‍മാന്‍ കൂടിയായ സുകുമാരന്‍ നായര്‍ ചോദിക്കുന്നത്.
ഇത്തവണ ജയിച്ചുവന്നവരില്‍ അധികം പേരും നായര്‍ സാബിന്റെ ആളുകളാണെന്നും അതുകൊണ്ട് ഇത്തവണത്തേക്ക് അദ്ദേഹത്തിന് സ്ഥാനം നല്‍കണമെന്ന് ഹൈക്കമാന്‍ഡില്‍ നിന്നും വന്ന ഹിന്ദി സംസാരിക്കുന്ന കഥാപാത്രം മധ്യസ്ഥത പറയുന്നത് കേള്‍ക്കാം. മുഖ്യമന്ത്രി സ്ഥാനം ഒഴിച്ച് മറ്റെന്തും തരാമെന്നും മുതിര്‍ന്ന നേതാവ് പറയുന്നുണ്ട്. എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് സിദ്ദിഖിന്റെ കഥാപാത്രം ഇതിന് മറുപടി പറയുന്നതെന്ന് കാണാം.
നിങ്ങള്‍ പറയുന്ന ദല്‍ഹിയിലെ കേന്ദമന്ത്രി സഭയില്‍ ഖദറിന്റെ ഒരു നൂലെങ്കിലും ഇനി കയറി ഇരിക്കണമെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വളയുന്ന നിങ്ങളുടെ നട്ടെല്ലിന് കോട്ടയത്തെ റബ്ബറിന്റെയെങ്കിലും ബലമുണ്ടാകണമെന്നാണ് കെ.സി. ചാക്കോ പറയുന്നത്. സീന്‍ പലരിലും ചിരിയുണര്‍ത്തുമ്പോള്‍ തന്നെ തങ്ങളുടെ നേതാവിന് ഐക്യദാര്‍ണ്ഡ്യം അറിയിക്കാനായും അണികള്‍ ഈ വീഡിയോ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും ചിത്രത്തിലേതുപോലെ എം.എല്‍.എമാരുടെ ഭൂരിപക്ഷം ലഭിക്കുന്ന ആളാണോ മുഖ്യമന്ത്രിയാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ജനങ്ങള്‍.
ചിത്രത്തില്‍ നിന്നും. Photo: Ananthajith Asokkumar/ X.com
ആസിഫ് അലിയും രജിഷ വിജയനും പ്രധാനവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ചിത്രത്തില്‍ ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ബാലു വര്‍ഗീസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Scene Of Ellam sheriyakum movie goes viral in view of current political scenario