| Friday, 6th November 2026, 10:09 am

സൂര്യയുടെ അഴിഞ്ഞാട്ടം, ഞെട്ടിച്ച് നസ്‌ലെനും നസ്രിയയും; സീന്‍ ആദ്യപ്രതികരണം

ആര്യ

ജിത്തു മാധവന്റെ സംവിധാനത്തില്‍ സൂര്യ നായകനായെത്തിയ ‘സീന്‍’ തിയേറ്ററുകളിലെത്തി. ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ക്രൈം, സൈക്കോ ത്രില്ലര്‍, കോമഡി തുടങ്ങി വ്യത്യസ്ത ജോണറുകള്‍ ഒത്തുചേര്‍ന്ന ചിത്രം പ്രേക്ഷകര്‍ക്ക് വേറിട്ട സിനിമാറ്റിക് അനുഭവമാണ് സമ്മാനിക്കുന്നതെന്നാണ് ആദ്യ പ്രതികരണങ്ങള്‍.

ഒരു സീന്‍ പോലും ലാഗില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണമാണ് ചിത്രത്തിന്റേതെന്ന് പ്രേക്ഷകര്‍ പറയുന്നു. വ്യത്യസ്തമായൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോഴും അതിന്റെ തീവ്രത നഷ്ടപ്പെടുത്താതെ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ജിത്തു മാധവന് സാധിച്ചിട്ടുണ്ടെന്നാണ് അഭിപ്രായങ്ങള്‍. കഥയിലെ സര്‍പ്രൈസുകള്‍ നേരത്തേ വെളിപ്പെടുത്താതെ തിയേറ്ററില്‍ തന്നെ ചിത്രം കാണണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

കരിയറില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രത്തിലാണ് സൂര്യ ചിത്രത്തിലെത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. താരത്തിന്റെ പ്രകടനം ഗംഭീരമാണെന്നും ഏറെക്കാലത്തിന് ശേഷമാണ് സൂര്യയെ ഇത്രത്തോളം ആസ്വദിച്ച് സ്‌ക്രീനില്‍ കാണുന്നതെന്നും ആരാധകര്‍ കുറിക്കുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നസ്‌ലെനും വലിയ കൈയടിയാണ് ലഭിക്കുന്നത്. സൂര്യയെപ്പോലൊരു താരത്തിനൊപ്പം മത്സരിച്ച് നില്‍ക്കുന്ന പ്രകടനമാണ് നസ്‌ലന്റേതെന്നാണ് അഭിപ്രായം.

തിരിച്ചുവരവില്‍ നസ്രിയയും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട്. പ്രത്യേകിച്ച് താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ വലിയ ആവേശമുണ്ടാക്കിയെന്നാണ് പ്രതികരണങ്ങള്‍. ലാലിന്റെ കോമഡി ടൈമിങ്ങിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സഹതാരങ്ങളുടെ പ്രകടനങ്ങളും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ജിത്തു മാധവന്റെ സംവിധാനത്തിനും തിരക്കഥയ്ക്കുമൊപ്പം സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തലസംഗീതവും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട്. ചിത്രത്തിന്റെ അവതരണത്തിന് സംഗീതം നല്‍കുന്ന പിന്തുണ എടുത്തുപറയേണ്ടതാണെന്നാണ് അഭിപ്രായങ്ങള്‍.

‘ആവേശം’, ‘രോമാഞ്ചം’ തുടങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യാതെ തികച്ചും വ്യത്യസ്തമായൊരു ജോണറിലുള്ള സിനിമയായി ‘സീന്‍’ കാണണമെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും തിയേറ്ററില്‍ കൈയടി നേടുകയും ചെയ്യുന്ന പക്കാ കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറെന്നാണ് മറ്റ് ചിലര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഏറെക്കാലത്തിന് ശേഷം സൂര്യയുടെ മികച്ച കൊമേഴ്സ്യല്‍ ചിത്രമെന്നും പണം മുടക്കി തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന സിനിമയെന്നുമാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍.

Content Highlight: Scene Movie First response

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more