| Saturday, 14th November 2026, 9:15 pm

ലീക്കായിരുന്നില്ലെങ്കില്‍ പടം കുറേക്കൂടെ രസമായി കാണാമായിരുന്നു, ഇന്റര്‍വെല്ലിന് 15 മിനുട്ട് മുമ്പായിരുന്നു റിവീല്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്: അജ്മല്‍ സാബു

അശ്വിന്‍ രാജേന്ദ്രന്‍

തിയേറ്ററുകള്‍ ഹൗസ് ഫുള്ളാക്കി കൊണ്ട് ഹിറ്റടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം സീന്‍. ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായിട്ടാണ് സംവിധായകന്‍ സീന്‍ ഒരുക്കിയതെങ്കിലും ചിത്രത്തിലെ അണിയറപ്രവര്‍ത്തകരും പ്രധാന അഭിനേതാക്കളുമെല്ലാം മലയാളികളായിരുന്നു. സൂര്യയ്‌ക്കൊപ്പം നസ് ലെനും, നസ്രിയയും, ലാലും പ്രധാനവേഷത്തിലെത്തിയപ്പോള്‍ സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാമും ചിത്രത്തിന്റെ എഡിറ്റിങ് നിര്‍മിച്ചത് അജ്മല്‍ സാബുവുമായിരുന്നു.

സീന്‍. Photo: X.com

സീനിന്റെ പ്രധാന പ്ലോട്ടുകളിലൊന്ന് റിലീസിന് മുമ്പ് തന്നെ ലീക്കായതിനെ കുറിച്ച് സംവിധായകന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. സര്‍പ്രൈസായി വെച്ചിരുന്ന എലമെന്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ചിത്രം വീണ്ടും എഡിറ്റ് ചെയ്ത് ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നും സംവിധായകന്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒരുപാട് ചര്‍ച്ചകള്‍ക്കായിരുന്നു സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും തുടക്കമിട്ടത്. വര്‍ക്ക് എത്തിക്ക്‌സോ സാമാന്യ മര്യാദയോ ഇല്ലാതെ ഇത്തരം വിവരങ്ങള്‍ പുറത്തുവിട്ട് സിനിമാ ആസ്വാദനത്തിന് തുരങ്കം വെക്കുന്നവര്‍ക്കെതിരെ വലിയ ജനരോഷം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ എലമെന്റ് ലീക്കായതിനെ തുടര്‍ന്ന് പിന്നീട് എഡിറ്റിങ്ങില്‍ മാറ്റം വരുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അജ്മല്‍ സാബു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫസ്റ്റ് കട്ട് ചെയ്യുമ്പോഴും ഡബ്ബിങ്ങിന് പോകുന്ന സമയത്തും എലമെന്റിനെ കുറിച്ച് പുറത്താര്‍ക്കും അറിയില്ലായിരുന്നു. പിന്നീടാണ് എവിടെ നിന്നോ ഇത് ലീക്കായത്. ചിത്രത്തില്‍ ആളുകളെ ഏറ്റവും കൂടുതല്‍ സര്‍പ്രൈസ് ചെയ്യിക്കേണ്ട സംഭവമായിരുന്നു മുപ്പത്തിയഞ്ച്-നാല്പതാമത്തെ മിനുട്ടില്‍ വരുന്ന ഈ റിവീലിങ്. ഇന്റര്‍വെല്ലിന് മുമ്പുള്ള റിവീലിങ്ങായിരുന്നു. ഇന്റര്‍വെല്‍ ഇപ്പോഴുള്ളത് തന്നെയാണ്. അതിന് അത്യാവിശ്യം ലെങ്ത്തുണ്ടായിരുന്നു. അത്യാവിശ്യം സ്ലോ ആക്കി, രസമായിട്ട് ആള്‍ക്കാര്‍ക്ക് അത് മനസിലായിക്കോട്ടെ എന്ന് കരുതിയായിരുന്നു ചെയ്തത്.

സീന്‍. Photo: X.com

ഇത് ലീക്കായതോടെ എങ്ങനെയെങ്കിലും അതിലേക്ക് പെട്ടെന്ന് എത്തിക്കണം എന്നായി. അങ്ങനെ ചെയ്യുമ്പോള്‍ ബാക്കിയുള്ള കാര്യങ്ങള്‍ ഒന്നും മിസ്സാക്കാനും പാടില്ല അതേസമയം ഇത് അറിയാതെ വരുന്നവര്‍ക്ക് എക്‌സൈറ്റ്‌മെന്റ് കിട്ടുകയും വേണം. അത് ലീക്കാവാതെ പടം കാണാന്‍ പറ്റിയിരുന്നെങ്കില്‍ കുറേക്കൂടെ രസമായിട്ട് കാണാമായിരുന്നു,’ അജ്മല്‍ സാബു പറഞ്ഞു.

Content Highlight: Scene Movie Ajmala Sabu talks about leaking the main plot

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more