| Thursday, 10th July 2025, 7:48 pm

ലോകത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ അഭിനേതാവ്, റോബര്‍ട് ഡൗണി ജൂനിയറിനെയും പിന്തള്ളി സ്‌കാര്‍ലെറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകസിനിമയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ അഭിനേതാക്കളുടെ പട്ടികയാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം. സീനിയര്‍ താരങ്ങളെയും സൂപ്പര്‍സ്റ്റാറുകളെയും പിന്തള്ളി ഒന്നാമതെത്തിയത് ഹോളിവുഡിന്റെ സ്വന്തം സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്ണാണ്. മാര്‍വല്‍ സിനിമകളില്‍ ബ്ലാക്ക് വിഡോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് സ്‌കാര്‍ലെറ്റിനെ പലര്‍ക്കും പരിചിതമായത്.

ഹോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ സാമുവല്‍ ജാക്‌സണെ പിന്തള്ളിയാണ് സ്‌കാര്‍ലെറ്റ് ഒന്നാമതെത്തിയത്. 14.6 ബില്യണാണ് സാമുവല്‍ ജാക്‌സന്റെ സിനിമകളുടെയെല്ലാം കളക്ഷന്‍. 15.6 ബില്യണ്‍ കളക്ഷനുമായാണ് സ്‌കാര്‍ലെറ്റ് സാമുവലിനെ മറികടന്നത്. പത്താം വയസില്‍ സിനിമാലോകത്തേക്കെത്തിയ സ്‌കാര്‍ലെറ്റ് മൂന്ന് പതിറ്റാണ്ടിനുള്ളിലാണ് ഇത്രയും വലിയ നേട്ടത്തിലെത്തിയിരിക്കുന്നത്.

പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഹോളിവുഡിലെ മികച്ച താരങ്ങളിലൊരാളായ റോബര്‍ട് ഡൗണി ജൂനിയറാണ്. 14.4 ബില്യണാണ് ആര്‍.ഡി.ജെയുടെ ലൈഫ്‌ടൈം ഗ്രോസിങ്. മാര്‍വലിന്റെ മുഖമായ അയണ്‍ മാനെ അവതരിപ്പിച്ചുകൊണ്ടാണ് റോബര്‍ട് സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായത്. ലോകസിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായൊരുങ്ങുന്ന അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയിലും ആര്‍.ഡി.ജെയുടെ സാന്നിധ്യമുണ്ട്.

ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ സോയി സെല്‍ഡാനയാണ് (14.3 ബില്യണ്‍) നാലാം സ്ഥാനത്ത്. മാര്‍വലിന്റെ സിനിമകളായ ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സിയില്‍ ഗമോറയായി വേഷമിട്ടത് സോയിയായിരുന്നു. അവതാറിലെ നെയ്റ്റിരിയായി വേഷമിട്ടതും സോയിയാണ്. അവതാറിന്റെ ഇനിയുള്ള രണ്ട് ഭാഗങ്ങളിലും താരം ഭാഗമാകുന്നുണ്ട്.

ക്രിസ് പാറ്റ് (14.2 ബില്യണ്‍) അഞ്ചാം സ്ഥാനവും ക്രിസ് ഹെംസ്‌വര്‍ത്ത് (12.2 ബില്യണ്‍) ആറാം സ്ഥാനവും പങ്കിടുന്ന ലിസ്റ്റില്‍ കൂടുതലും മാര്‍വലിലെ താരങ്ങളാണ്. ക്യാപ്റ്റന്‍ അമേരിക്കയായി വേഷമിട്ട ക്രിസ് ഇവാന്‍സ് (എട്ടാം സ്ഥാനം- 4.5 ബില്യണ്‍), റോക്കറ്റിന് ശബ്ദം നല്‍കുന്ന ബ്രാഡ്‌ലീ കൂപ്പര്‍ ( ഒമ്പതാം സ്ഥാനം- 4.5 ബില്യണ്‍) എന്നിങ്ങനെയാണ് പട്ടികയില്‍.

മിഷന്‍ ഇംപോസിബിള്‍ സീരീസുകളിലൂടെയും ടോപ് ഗണ്‍ എന്ന ചിത്രത്തിലൂടെയും ഗ്ലോബല്‍ സൂപ്പര്‍സ്റ്റാറായി മാറിയ ടോം ക്രൂസ് 10ാം സ്ഥാനത്താണ്. 4.5 ബില്യണാണ് താരത്തിന്റെ ഗ്രോസ് കളക്ഷന്‍. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലൂടെ ആരാധകരെ സൃഷ്ടിച്ച വിന്‍ ഡീസലാണ് ഏഴാം സ്ഥാനത്ത്. 4.59 ബില്യണാണ് താരത്തിന്റെ ലൈഫ്‌ടൈം ഗ്രോസ്.

Content Highlight: Scarlett Johansson became the highest grossing actors of all time in World cinema

We use cookies to give you the best possible experience. Learn more