| Saturday, 24th January 2026, 12:00 am

അവളുടെ ശബ്ദം നിലച്ചിട്ടില്ല; 'ദി വോയിസ് ഓഫ് ഹിന്ദ് റജബി'ന് ഓസ്‌കാര്‍ നോമിനേഷന്‍

രാഗേന്ദു. പി.ആര്‍

ലോസാഞ്ചല്‍സ്: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ന് ഓസ്‌കര്‍ നോമിനേഷന്‍.

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് സിനിമ ഇടംപിടിച്ചത്. ഫ്രഞ്ച്-ടുണീഷ്യന്‍ സംവിധായിക കൗഥര്‍ ഹാനിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 23 മിനിട്ട് നീണ്ട എഴുന്നേറ്റുനിന്നുള്ള കയ്യടിയാണ് സിനിമ ഏറ്റുവാങ്ങിയത്. സില്‍വര്‍ ലയണ്‍ പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

2024 മെയ് മാസത്തില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍, ക്യാമ്പസിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തത് ‘ഹിന്ദ്‌സ് ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

ഗസ സിറ്റിയില്‍ വെച്ച് ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റാണ് ഹിന്ദ് റജബ് കൊല്ലപ്പെട്ടത്. വെടിയേറ്റ് കാറില്‍ കുടുങ്ങിയ റജബ് ഫലസ്തീന്‍ റെഡ് ക്രസന്റിനെ വിളിച്ച് രക്ഷ തേടിയിരുന്നു. എന്നാല്‍ റജബിനെ രക്ഷിക്കാനെത്തിയ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരെയും ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തുകയായിരുന്നു

ഈ സംഭവത്തെ ആസ്പദമാക്കിയാണ് കൗഥര്‍ ഹാനി ദി വോയിസ് ഓഫ് ഹിന്ദ് റജബ് സംവിധാനം ചെയ്തത്. വെടിയേറ്റ് മരിച്ച ഹിന്ദ് റജബിനെ ബന്ധുക്കള്‍ക്കൊപ്പം ഒരു കാറില്‍ നിന്നാണ് കണ്ടെത്തിയത്.

റജബിന്റെ സഹോദരന്‍ അടക്കം ആറ് ബന്ധുക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഹിന്ദ് റജബിനെ കൊലപ്പെടുത്തിയത് തങ്ങളല്ലെന്നായിരുന്നു ഇസ്രഈല്‍ സൈന്യത്തിന്റെ ആദ്യഘട്ടത്തിലെ വാദം.

എന്നാല്‍ യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് ആര്‍ക്കിടെക്ച്ചര്‍ നടത്തിയ അന്വേഷണത്തില്‍ ഹിന്ദ് റജബ് കൊല്ലപ്പെടുമ്പോള്‍ ഈ മേഖലയില്‍ ഇസ്രഈലിന്റെ ടാങ്കറുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

കാറില്‍ നിന്നും 335 വെടിയുണ്ടകളാണ് കണ്ടെത്തിയത്. കാറില്‍ നിന്ന് 13 മുതല്‍ 23 മീറ്റര്‍ വരെ മാത്രം അകലെയാണ് ഇസ്രഈല്‍ യുദ്ധ ടാങ്ക് സ്ഥാപിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഈ സമയം റജബിനെ കണ്ടെത്തിയ പ്രദേശത്ത് സായുധ പോരാട്ടം നടന്നിട്ടില്ലെന്ന് ഉപഗ്രഹ ചിത്രങ്ങളും തെളിയിച്ചിരുന്നു.

Content Highlight: Oscar nomination for ‘The Voice of Hind Rajab’

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more