ന്യൂദൽഹി: പാർലമെന്റിൽ നിർണായക വിഷയങ്ങളിലും ബില്ലുകളിന്മേലുമുള്ള ചർച്ചകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള എം.പിമാർക്ക് സംസാരിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന പരാതിയുമായി കേന്ദ്രമന്ത്രിയും എൻ.ഡി.എ ഘടകകക്ഷി നേതാവുമായ ജിതൻ റാം മാഞ്ചി.
വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷനാണ് കേന്ദ്ര ചെറുകിട-ഇടത്തരം വ്യവസായ മന്ത്രിയായ മാഞ്ചി.
മാഞ്ചിയുടെ വസതിയിൽ ചേർന്ന എൻ.ഡി.എ എം.പിമാരുടെ സൗഹൃദ യോഗത്തിലാണ് ഈ വിഷയം പ്രധാനമായും ഉയർന്നുവന്നത്. മധ്യപ്രദേശിലെ ഖർഗോൺ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.പി ഗജേന്ദ്ര സിങ് പട്ടേലാണ് ഈ പ്രശ്നം യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മറ്റ് പല ജനപ്രതിനിധികളും ഇതേ അഭിപ്രായം പങ്കുവെക്കുകയായിരുന്നു.
പ്രത്യേകിച്ച്, ആദ്യമായി പാർലമെന്റിലെത്തിയ എസ്.സി/എസ്.ടി എം.പിമാർക്ക് തങ്ങളുടെ മണ്ഡലങ്ങളിലെയും ജനങ്ങളുടെയും വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ മതിയായ അവസരം ലഭിക്കുന്നില്ലെന്ന പൊതുവികാരം ശക്തമാണ്.
പാർലമെന്റിൽ ജനപ്രതിനിധികൾക്കെല്ലാം തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാൻ തുല്യമായ അവസരം ഉറപ്പാക്കണമെന്നും, സ്പീക്കർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight:SC/ST MPs Not Getting Enough Time to Speak in Parliament: Union Minister Jitan Ram Manjhi Writes to Speaker.