ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായി എടുത്തതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് ചൊവ്വാഴ്ച 10 ദിവസത്തെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തില്‍ ഉത്തരവിട്ടത്.
സുപ്രീം കോടതിയുടെ അനുമതിയില്ലാതെ ബീഹാറിലെ എസ്.ഐ.ആര്‍ സമയത്ത് ഫോം ‘ഫോം 6’-ല്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് ആരോപിച്ച് രാജ്യസഭാ എം.പി ഡോല സെന്‍ സമര്‍പ്പിച്ച പുതിയ ഹരജിയിലാണ് നടപടി. ‘ഫോം 6’-ല്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അംഗീകാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെറ്റായി അവകാശപ്പെട്ടതായി ഡോല സെന്നിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മനേക ഗുരുസ്വാമി കോടതിയെ അറിയിച്ചു. ഹരജിയില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനത്തെയും കമ്മീഷന്റെ ചില തീരുമാനങ്ങളുടെ നിയമസാധുതയെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹരജിയ്ക്ക് മറുപടിയായി കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുത്തെന്ന ആരോപണങ്ങള്‍ കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ നിഷേധിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട പതിനാല് തീരുമാനങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എടുത്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹരജി.
ഹരജി പൂര്‍ണമായും ഒരു പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വാദങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ സ്വതന്ത്രമായി അന്വേഷണങ്ങളൊന്നും ഹരജിക്കാരന്‍ നടത്തിയിട്ടില്ലെന്നും കമ്മീഷന്‍ വാദിച്ചിരുന്നു.
Content Highlight: SC seeks Centre’s response to news publishers’ plea against data protection law