ന്യൂദല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ആര്‍ത്തവ ശുചിത്വം എന്നത് ഒരോ പെണ്‍കുട്ടിയുടെയും അടിസ്ഥാന അവകാശമാണെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി.
പെണ്‍കുട്ടികള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ തുടങ്ങിയവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കാനും കോടതി നിര്‍ദേശിച്ചു. എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം തന്നെ ശുചിമുറികള്‍ ഉറപ്പാക്കേണ്ടതുണ്ട്.
ഭിന്നശേഷി സൗഹാര്‍ദ്ദമായ ശുചിമുറികള്‍ നിര്‍മിക്കാനും കോടതി നിര്‍ദേശിച്ചുണ്ട്.
അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സാനിറ്ററി പാഡുകളും അധിക വസ്ത്രങ്ങളും ഉള്‍പ്പെടുത്തി ആര്‍ത്തവ കോര്‍ണറുകള്‍ ഒരുക്കണമെന്നും കോടതി പറഞ്ഞു.
ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. കോടതി വിധി നിലവില്‍ വരുന്നതോടെ ആര്‍ത്തവ ദിനത്തില്‍ സ്‌കൂളുകളില്‍ എത്തുന്ന പെണ്‍കുട്ടികളുടെ ബുദ്ധിമുട്ടുകളെ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തലുകള്‍.
Content Highlight: SC says menstrual health a fundamental right, directs free sanitary pads for school girls