ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ അഴിമതി ആരോപണത്തില്‍ ബി.ആര്‍.എസ് നേതാവ് കെ.ടി. രാമറാവുവിന് സുപ്രീം കോടതി നോട്ടീസ്. കോണ്‍ഗ്രസ് നേതാവ് അത്രം സുഗുണ ഫയല്‍ ചെയ്ത ഹരജിയിലാണ് നടപടി.
നേരത്തെ കെ.ടി. രാമറാവുവിനെതിരായ എഫ്.ഐ.ആര്‍ തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. പ്രസ്തുത വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ഹരജി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നിലവില്‍ തെലങ്കാന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ പ്രതികരണം തേടിയാണ് ബി.ആര്‍.എസ് നേതാവിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈദരാബാദിലെ കെട്ടിട നിര്‍മാതാക്കളില്‍ നിന്നും ബിസിനസുകാരില്‍ നിന്നും രേവന്ത് റെഡ്ഡി 25,000 കോടി രൂപ തട്ടിയെടുത്ത് ഹൈക്കമാന്‍ഡിന് നല്‍കിയെന്നായിരുന്നു കെ.ടി. രാമറാവുവിന്റെ ആരോപണം.
പിന്നാലെ കെ.ടി.ആറിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുക്കുകയും ചെയ്തു. ഐ.പി.സി സെക്ഷന്‍ 505 (ആരെയെങ്കിലും പ്രകോപിപ്പിക്കുന്നതിനായി മനഃപൂര്‍വം അപമാനിക്കല്‍), സെക്ഷന്‍ 505(2) (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത, വിദ്വേഷം എന്നിവ സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പണം തട്ടിയെന്ന ആരോപണത്തിന് പുറമെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രേവന്ത് റെഡ്ഡി ബി.ജെ.പിയില്‍ ചേരുമെന്നും കെ.ടി.ആര്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴിലുള്ള ഭരണം അഴിമതിയും കമ്മീഷന്‍ ഇടപാടുകളും കൊണ്ട് നിറഞ്ഞതാണ്, രേവന്ത് റെഡ്ഢി രാഷ്ട്ടീയ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ വഞ്ചിച്ചു, അധികാരമേറ്റെടുക്കുന്നതിന് മുന്നോടിയായി തന്നെ രേവന്ത് റെഡ്ഡി അഴിമതി സാമ്രാജ്യം കെട്ടിപ്പടുത്തു തുടങ്ങിയ ആരോപണങ്ങളും കെ.ടി.ആര്‍ ഉയര്‍ത്തിയിരുന്നു.
കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസിലെ അന്വേഷണം ശക്തമാക്കിയതിനിടെയായിരുന്നു കെ.ടി.ആര്‍ രംഗത്തെത്തിയത്.
എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ യാതൊരു തെളിവുമില്ലാതെ കെ.ടി.ആര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തെലങ്കാന കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രതികരിച്ചിരുന്നു.
Content Highlight: SC notice to KTR over Rs 25,000 cr scam allegation against congress govt