സിന്‍ഹയ്‌ക്കെതിരായ ആരോപണങ്ങളില്‍ അഭിപ്രായം പറയാന്‍ ശ്രമിച്ച സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ അശോക് തിവാരിയുടെ ശ്രമം സുപ്രീം കോടതി തടഞ്ഞു. നിങ്ങള്‍ സി.ബി.ഐ ഡയറക്ടറുടെ ഏജന്റല്ലെന്ന് പറഞ്ഞാണ് കോടതി ഇടപെട്ടത്. നിങ്ങള്‍ അയാളുടെ വക്കാലത്തേറ്റെടുക്കേണ്ടെന്നും കോടതി പറഞ്ഞു.
2ജി സ്‌പെക്ട്രം കേസില്‍ സി.ബി.ഐ ഡയറക്ടര്‍ രജിത് സിന്‍ഹ അന്വേഷണ ഏജന്‍സിക്ക് യോജിക്കാത്ത തരത്തില്‍ ഇടപെടല്‍ നടത്തിയെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രജിത് സിന്‍ഹ “തുരപ്പനെലി”യെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പ്രതികള്‍ക്ക് അനുകൂലമായി സി.ബി.ഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കി. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ പ്രതികളുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് രജിത് സിന്‍ഹ കൈമാറിയെന്നും ആനന്ദ് ഗ്രോവര്‍ കോടതിയെ അറിയിച്ചിരുന്നു.
“സിന്‍ഹയുടെ നിലപാടുകള്‍ അംഗീകരിക്കുകയാണെങ്കില്‍ 2ജി കേസ് ഇല്ലാതാകും.” ഗ്രോവര്‍ സുപ്രീം കോടതിയെ അറിയിച്ചു.
2ജി സ്‌പെക്ട്രം ഇടപാടിലൂടെ സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്. കേസില്‍ നിരവധി മന്ത്രിമാരും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.
നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി 2008ല്‍ എ. രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 122 ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നു. ഭരണഘടനാവിരുദ്ധവും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ളതുമാണെന്ന് പറഞ്ഞാണ് സുപ്രീം കോടതി ലൈസന്‍സ് റദ്ദാക്കിയത്.
രാജയാണ് കേസിലെ പ്രധാന പ്രതി. ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെറുറ, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.