ന്യൂദല്‍ഹി: കരസേനാ മേധാവി വി.കെ സിംഗിന്റെ ജനനതീയതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം. വി.കെ സിംഗുമായി ബന്ധപ്പെട്ട പ്രശ്‌നം പ്രതിരോധമന്ത്രാലയം കൈകാര്യം ചെയ്ത രീതിയെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
വി.കെ സിംഗിന്റെ ജനനതീയതി 1950 മെയ് 10 ആണെന്ന് നിജപ്പെടുത്തി പ്രതിരോധമന്ത്രാലയം 2011 ഡിസംബര്‍ 30ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ച രീതി ശരിയായില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് അറ്റോര്‍ണി ജനറലുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പുനപരിശോധിക്കാന്‍ കോടതി സര്‍ക്കാരിന് സമയം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 10നാണ് ഇനി ഹരജി പരിഗണിക്കുക. പത്തിന് മുമ്പ് ഉത്തരവ് സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണം കോടതിക്ക് നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ പരിശോധിക്കാന്‍ അറ്റോര്‍ണി ജനറലിനെയും കോടതി ചുമതലപ്പെടുത്തി.
ജനനതീയതി വിവാദം
2006ലാണ് വിവാദങ്ങളുടെ തുടക്കം. പ്രമോഷനുമായി ബന്ധപ്പെട്ട് സിംഗിന്റെ റെക്കോര്‍ഡ്‌സ് പരിശോധിച്ചപ്പോഴാണ് ജനനതീയ്യതിയിലെ വൈരുദ്ധ്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ സമയത്ത് പ്രമോഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്ന മിലിറ്ററി സെക്രട്ടറിയില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. 1950 ആയിരുന്നു മിലിറ്ററി സെക്രട്ടറിയുടെ കൈവശമുണ്ടായിരുന്നു ജനനവര്‍ഷം. ഇതുതന്നെയാണ് പ്രതിരോധമന്ത്രാലയത്തിന്റെ പക്കലമുണ്ടായിരുന്നത്. ഈ തീയ്യതി പ്രകാരം 2012 മേയ് 31 ന് സിംഗ് വിരമിക്കണം.
എന്നാല്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം സിംഗിന്റെ 1951 മേയ് 10നാണ് സിംഗ് ജനിച്ചത്. ഇതാണ് തന്റെ ശരിയായ ജനനതീയതിയെന്നാണ് അദ്ദേഹം പറയുന്നത്.
1950 ജനന വര്‍ഷമായി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാവുമെന്നും കരസേനാ ആസ്ഥാനത്തു നിന്ന് സിംഗിന് കത്തു നല്‍കി. ഏതു തീരുമാനവും അംഗീകരിക്കാമെന്ന മറുപടിയാണ് അന്ന് സിംഗ് നല്‍കിയത്.
എന്നാല്‍ പിന്നീട് സിംഗ് ഇക്കാര്യം പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സിംഗിന്റെ ആവശ്യം അദ്ദേഹം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്.