ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് നിരവധി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതി.
സര്‍ക്കാരിന്റെ പണമെല്ലാം സൗജന്യങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണെന്നും വികസനത്തിനായി ചില്ലിക്കാശ് പോലും മാറ്റിവെയ്ക്കുന്നില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഓരോ സംസ്ഥാനത്തിന്റെയും വരുമാനത്തിന്റെ നാലിലൊന്ന് ഭാഗമെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അംഗങ്ങളായ സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടു.
കമ്മി ബജറ്റിനിടെ വിവിധ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സബ്‌സിഡി നല്‍കാനായി കോടികള്‍ ചെലവഴിക്കുന്ന സംസ്ഥാനങ്ങളെയെല്ലാം സുപ്രീം കോടതി വിമര്‍ശിച്ചു. ഇനിയിപ്പോള്‍ മിച്ച ബജറ്റാണെങ്കിലും വികസനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു.
‘സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങള്‍ തുടര്‍ന്നാല്‍ എങ്ങനെയാണ് വികസനത്തിനായി ധനസഹായം നല്‍കാനാവുക’, സുപ്രീംകോടതി ചോദിച്ചു.
സാമ്പത്തിക മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നതിനായി ചട്ടം ഭേദഗതി ചെയ്യാന്‍ സമീപിച്ച തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ വിമര്‍ശിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും സംസ്ഥാനങ്ങളുടെ കയ്യില്‍ പണമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
എന്ത് തരം സംസ്‌കാരമാണ് രാജ്യത്ത് വളര്‍ത്തിയെടുക്കുന്നത്? രാവിലെ മുതല്‍ സൗജന്യമാണ്. ആദ്യം സൗജന്യ ഭക്ഷണം നല്‍കാന്‍ തുടങ്ങിയാല്‍ പിന്നെ സൗജന്യ സൈക്കിളായി, പിന്നെ സൗജന്യ വൈദ്യുതിയായി ഇപ്പോള്‍ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നുവെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.
ഒരു ക്ഷേമസംവിധാനത്തിന്റെ ഭാഗമായി, പണം ചെലവഴിക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്തവര്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ താങ്ങാന്‍ കഴിയുന്നവരും കഴിയാത്തവരും എന്ന വേര്‍തിരിവ് ഇല്ലാതെ സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നത് ശരിയായ പ്രവൃത്തിയല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിദ്യാഭ്യാസ ചെലവ് താങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സംസ്ഥാനം സഹായം നല്‍കണം. അത് സംസ്ഥാനത്തിന്റെ കടമയാണ്. എന്നാല്‍ സമ്പന്നരായവര്‍ക്കായിരിക്കും ഏതൊരു തരത്തിലുള്ള സൗജന്യവും ആദ്യം ലഭിക്കുന്നത്. സംസ്ഥാനങ്ങള്‍ ഈ നയ ചട്ടക്കൂടുകള്‍ പുനപരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിവുള്ളവര്‍ക്ക് സൗജന്യമായി അക്കാര്യം വിതരണം ചെയ്ത്, ചെയ്യാത്ത ജോലിക്ക് പ്രതിഫലം നല്‍കുന്ന സംസ്‌കാരമാണ് വളര്‍ത്തിയെടുത്തിരിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു.
വികസനത്തിനായി പണം മാറ്റിവെയ്ക്കാത്തത് തമിഴ്‌നാടിന്റെ മാത്രമല്ല, എല്ലാ സംസ്ഥാനനങ്ങളുടെയും പ്രശ്‌നമാണെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു.
2024ലെ വൈദ്യുതി ഭേദഗതി ചട്ടം 23 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട് വൈദ്യുത ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്. സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്നതിനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു.
Content Highlight: SC Criticizes state Governments’ freebies