| Wednesday, 29th June 2016, 12:17 pm

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  സ്വവര്‍ഗരതി നിയമവിധേയക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് എസ്.എ ബോബ്ദെ ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരംഗങ്ങളായ രണ്ടംഗ ബെഞ്ചാണ് ഹരജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. വിഷയം നേരത്തെ തന്നെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു.

സ്വവര്‍ഗരതി കുറ്റകരമാക്കുന്ന  377ാം വകുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രശസ്ത ഷെഫ് റീത്തു ഡാല്‍മിയ, ഹോട്ടലുടമ അമന്‍നാഥ്, നര്‍ത്തകന്‍ എന്‍.എസ്. ജോഹര്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. സ്വവര്‍ഗരതി കുറ്റകരമാക്കുന്നതിനെതിരെ സെലിബ്രിറ്റികള്‍ കോടതിയെ സമീപിക്കുന്നത് ആദ്യമായാണെന്ന് അഭിഭാഷകനായ അരവിന്ദ് ദത്താര്‍ കോടതിയെ അറിയിച്ചു.

സ്വവര്‍ഗരതി നിയമ വിധേയമാക്കിയ ദല്‍ഹി ഹൈക്കോടതി വിധി 2013ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ദല്‍ഹി ഹൈക്കോടതി വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. വിഷയത്തില്‍ പാര്‍ലെമന്റ് തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയുടെ വിധിക്കെതിരെ സന്നദ്ധ സംഘടനയായ നാല് ഫൗണ്ടേഷന്‍ പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും ഇതും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സംഘടന തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് കോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിനെ ഏല്‍പ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more