| Friday, 5th January 2018, 10:13 am

മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി എസ്.ബി.ഐ; തീരുമാനം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജനങ്ങളില്‍ നിന്നുണ്ടായ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‍സ് സംവിധാനം ഒഴിവാക്കാന്‍ എസ്.ബി.ഐ. നഗര പ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് ആയി നിലനിര്‍ത്തണമെന്ന് എസ്.ബി.ഐ വിജ്ഞാപനം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

മിനിമം ബാലന്‍സ് 1000 രൂപയാക്കി നിലനിര്‍ത്താനാണ് സ്റ്റേറ്റ് ബാങ്കിന്റെ നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം ഉടനെ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.

മിനിമം ബാലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും എകദേശം 2320 കോടിയോളം രൂപ ഈടാക്കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ഇത്തരത്തില്‍ 1771 കോടിരൂപ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ആദായത്തെക്കാള്‍ വലിയ ലാഭമാണ് ബാലന്‍സ് പിഴയിനത്തില്‍ നിന്നും ബാങ്കുകള്‍ ഈടാക്കിയത്. അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം മിനിമം ബാലന്‍സ് അക്കൗണ്ട് നിര്‍ബന്ധമാക്കിയ എസ്.ബി.ഐ, ജന്‍ ധന്‍ അക്കൗണ്ടുകള്‍ എന്നിവ ഈ പരിഷ്‌കരണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്താകമാനം ഏകദേശം നാല്‍പ്പത്തിരണ്ട് കോടി അക്കൗണ്ടുകളാണ് എസ്.ബി.ഐ ക്കുള്ളത്.

We use cookies to give you the best possible experience. Learn more