കൊച്ചി: അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തിന് പിന്നാലെ ലോകം മുഴുവന്‍ വര്‍ണ വെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ലോകം മുഴുവന്‍ തങ്ങള്‍ നേരിട്ട വിവേചനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പും നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട വിവേചനം തുറന്നുപറഞ്ഞിരിക്കുകയാണ്.
‘മാധ്യമ’ത്തില്‍ എഴുതിയ ലേഖനത്തിലാണ് സയനോര തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. കുട്ടിക്കാലത്ത് നിറത്തിന്റെ പേരില്‍ അധ്യാപിക തന്നെ ടിച്ചര്‍ ഡാന്‍സ് മത്സരത്തില്‍ നിന്ന് മാറ്റിയ അനുഭവമാണ് സയനോര തുറന്നു പറഞ്ഞിരിക്കുന്നത്.
മാധ്യമത്തിലെ ലേഖനത്തിലെ പ്രസ്‌ക്ത ഭാഗങ്ങള്‍.
ജീവിതത്തില്‍ എന്റെ ഉള്ളു പൊള്ളിച്ച അനുഭവം സ്‌കൂള്‍ കാലത്താണ്. ഒരു പാട് ഡാന്‍സ് കളിക്കാന്‍ ആഗ്രഹിച്ച കുട്ടിയാണ് ഞാന്‍. ഒരു ഗായികയായിട്ടും ഇപ്പോഴും ഞാന്‍ ഡാന്‍സാണ് ആദ്യം പറയുക. യുവജനോത്സവ മത്സരങ്ങള്‍ക്കായി സ്‌കൂളില്‍ സെലക്ഷന്‍ നടന്നപ്പോള്‍ ഞാനാണ് ആദ്യം പേര് കൊടുത്തത്. എന്റെ ഡാന്‍സ് കണ്ടിട്ട്, മാഷ് സെലക്ട് ചെയ്തു.
പിറ്റേന്ന് ടീച്ചര്‍ വന്ന് ഞാനൊഴികെയുള്ള മറ്റ് കുട്ടികളെ ഡാന്‍സ് പഠിക്കാന്‍ വിളിച്ചോണ്ടു പോയി. ഞാന്‍, ഡാന്‍സിന്റെ ചുമതലയുണ്ടായിരുന്നയാളോട്, മാഷ് എന്നെ സെലക്ട് ചെയ്തിരുന്നു എന്ന് പറഞ്ഞു. (ആ മാഷ് എന്നെ നോക്കുന്നുണ്ട്, ഒന്നും മിണ്ടുകയോ ചോദിക്കുകയോ ചെയ്തില്ല.). അപ്പോള്‍, ‘സയനോര ബാക്കിയുള്ള കുട്ടികളെ നോക്കൂ, അവര്‍ എന്ത് വെളുത്തിട്ടാണ്. അതുകൊണ്ടാ സയനോരയെ ഒഴിവാക്കിയത്’ എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ആ മാഷിനെ ഒരിക്കല്‍കൂടി നോക്കി. ആ സംഭവം ‘സ്‌കൂള്‍കുട്ടി’യെ അന്ന് ഭീകരമായി മുറിവേല്‍പിച്ചു. എനിക്ക് ഒന്നും ഉരിയാടാനായില്ല.
ചെറിയ കുട്ടിയാണ് ഞാന്‍. വീട്ടിലെത്തി ഒരുപാട് കരഞ്ഞു. ടാലന്റ് കൊണ്ട് സെലക്ട് ചെയ്യപ്പെട്ടിട്ടും കറുത്തുപോയതിന്റെ പേരിലാണ് ഒഴിവാക്കിയതെന്നു പറയുമ്പോള്‍, സഹിക്കാനാവുന്നില്ലെന്നു പറഞ്ഞ് ഞാന്‍ പൊട്ടിക്കരഞ്ഞു. ഇത്ര കറുത്തിട്ടാണെന്ന് അറിഞ്ഞിട്ടും മമ്മിയും ഡാഡിയും എന്നെ എന്തിനാണ് വളര്‍ത്തിയതെന്നുവരെ ഞാന്‍ അന്ന് ചോദിച്ചു.
ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, എന്തിനാണ് അങ്ങനെ ചിന്തിച്ചതും പറഞ്ഞതും എന്ന് ഓര്‍ക്കാറുണ്ട്. പക്ഷേ, അങ്ങനെയല്ലാതെ ചിന്തിക്കാന്‍ വേറെ നിര്‍വാഹമുണ്ടായിരുന്നില്ല. എനിക്ക് ചുറ്റിലും കറുത്തവര്‍ ആരും അഭിനന്ദിക്കപ്പെടുകയോ അഡ്രസ് ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. ഇപ്പോഴാണ് മിസ് യൂനിവേഴ്സ് കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സിയിലേക്കൊക്കെ എത്തുന്നത്. അതുവരെ സൗന്ദര്യം എന്നു പറഞ്ഞാല്‍ മാര്‍ബിള്‍ കണ്ണുകളും വെളുപ്പുമായിരുന്നു.
നിറത്തെ കളിയാക്കി നിരവധി ചോദ്യങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്. ഒരാള്‍ എന്നോട് ചോദിക്കുകയാണ്: ”അനിയത്തി നല്ല വെളുത്തിട്ടാണല്ലോ, നിങ്ങള്‍ക്ക് എന്താണാവോ പറ്റിയത്” അവിടെ കൂടിനിന്നവരെല്ലാം ചിരിച്ചു. ‘അതെന്താണെന്നോ ആക്കാന്‍ വെച്ചപ്പോ, അടുപ്പത്തുനിന്ന് എടുക്കാന്‍ കുറച്ച് വൈകിപ്പോയി’ എന്നു ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
നേരത്തെ ലോകം മുഴുവന്‍ വര്‍ണവിവേചനത്തിനെതിരായി ആരംഭിച്ച ക്യാംപെയിന് പിന്തുണയുമായി സയനോര രംഗത്ത് എത്തിയിരുന്നു. നിലവില്‍ ആരംഭിച്ച ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മൂവ്മെന്റ് ഇത്തരം വര്‍ണവെറിക്കെതിരായ ശക്തമായ ചെറുത്തു നില്‍പ്പാണെന്ന് സയനോര പറഞ്ഞിരുന്നു.
തൊലി വെളുത്താല്‍ വലുതാണെന്ന് വിചാരിക്കുന്ന അല്‍പ ബുദ്ധിയുള്ള ചിലരോടാണ് അവരുടെ പോരാട്ടം. അതില്‍ വെളുത്തവരും കറുത്തവരും ഉണ്ട് . എല്ലാവരും പൊരുതുകയാണ്. അത് പൊളിറ്റിക്സിന്റെ ഭാഗം ആണ് എന്നു പറയുന്നുണ്ട് പലരും. ശരി ആയിരിക്കാം. അല്ലായിരിക്കാം. പക്ഷെ ഒന്ന് എന്ത് തന്നെ ആയാലും ശരി ആണെന്നും അവര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ