മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സയനോര ഫിലിപ്പ്. നിരവധി സിനിമകളില്‍ ഗാനമാലപിച്ച അവര്‍ ഡബ്ബിങ്ങിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തു വന്ന ബറോസ്, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ സിനിമകളില്‍ സയനോര ഡബ്ബ് ചെയ്തിരുന്നു.
തന്റെ നിലപാടുകള്‍ ശക്തമായി പറയുന്ന വ്യക്തി കൂടിയാണ് സയനോര. ഇപ്പോള്‍ താന്‍ നേരിട്ട ബോഡി ഷെയ്മിങിനെ കുറിച്ച് സംസാരിക്കുകയാണ് സയനോര.
‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഭരതനാട്യം പഠിച്ചിരുന്നു. നന്നായി ഡാന്‍സ് ചെയ്യുമെങ്കിലും എന്നെ ടീമില്‍ എടുത്തില്ല. നിറവും രൂപവുമായിരുന്നു പ്രശ്നം. ആ ട്രോമ വര്‍ഷങ്ങളോളം നീണ്ടു. പിന്നെ ഭരതനാട്യം ചെയ്തിട്ടുമില്ല. ഈ വേദന അറിയാവുന്നത് കൊണ്ടാണ് ചുറ്റുമുള്ള ഇത്തരം മോശം കാര്യങ്ങള്‍ കേള്‍ക്കാനുള്ള മനസ് വന്നത്. പഴയ കണ്ണൂരുകാരി പെണ്‍കുട്ടിയില്‍ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് ഞാന്‍,’ സയനോര പറയുന്നു.
സ്വയം അംഗീകരിക്കുക എന്നതാണ് പ്രധാനമെന്നും ബോഡി ഷെയ്മിങ്ങിന്റെ പേരില്‍ സമൂഹം നിന്നു വെടിവച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലൂടെയാണ് നമ്മള്‍ നടക്കുന്നതെന്നും സയനോര പറഞ്ഞു. ഇടയ്ക്കു നമുക്കു വെടിയേല്‍ക്കുമെന്നും പക്ഷേ, എഴുന്നേറ്റു വീണ്ടും നടക്കുന്നതിലാണ് വിജയമെന്നും അവര്‍ പറഞ്ഞു. ആ ഉയിര്‍ത്തെഴുന്നേല്‍പ് കണ്ട് ഒരാളെങ്കിലും മാറിയാല്‍ അതാണ് വിജയമെന്നും സയനോര കൂട്ടിച്ചേര്‍ത്തു.
വെട്ടം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ തുടങ്ങിയ സയനോര പിന്നീട് നിരവധി സിനിമകളില്‍ ഗാനം ആലപിച്ചു. ബറോസിലെ പെര്‍ഫോമന്‍സിന് മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും ഈ വര്‍ഷം സയനോര സ്വന്തമാക്കിയിരുന്നു.
Content highlight: Sayanora speaks out about body shaming