| Thursday, 7th May 2026, 9:25 am

പടക്കം പൊട്ടിക്കുന്ന സീന്‍ കോമഡിയായാണ് ആദ്യം ഷൂട്ട് ചെയ്തത്, യഥാര്‍ത്ഥ വീഡിയോയിലുള്ള പുള്ളിക്ക് ഇത്രയും കാലം അത് ട്രോമയായിരുന്നു: സവിന്‍ സാ

അമര്‍നാഥ് എം.

അന്‍വര്‍ റഷീദിന് ശേഷം ആദ്യചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് സവിന്‍ സാ. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്ത് നടന്ന ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി ഒരുക്കിയ വാഴ 2 സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കിയത്. ലോകഃയെ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റായ ചിത്രം 200 കോടിയിലേറെയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിപിന്‍ ദാസ് തിരക്കഥയൊരുക്കിയപ്പോള്‍ അതിനെ കൃത്യമായി സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. കമിങ് ഓഫ് ഏജ് ഴോണറിലൊരുങ്ങിയ ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടാകുന്ന ഒന്നാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

സവിന്‍ സാ Photo: Screen grab/ Club FM

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സവിന്‍ സാ. വാഴ 2ല്‍ പലരെയും ഒരുപോലെ കരയിച്ച രംഗമായിരുന്നു ബിജുക്കുട്ടന്‍ പടക്കം പൊട്ടിക്കുന്ന സീന്‍. കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ വിഷുദിനത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ മറ്റൊരു വശമാണ് ഈ സീനിലൂടെ സംവിധായകന്‍ വരച്ചിട്ടത്. ഈ രംഗം ആദ്യം കോമഡിയായി ഷൂട്ട് ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തതെന്ന് സവിന്‍ സാ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ആ സീന്‍ ആദ്യം കോമഡിയായിട്ടാണ് എടുത്തത്. പക്ഷേ, പിന്നീട് അതിലെ ഇമോഷണല്‍ സൈഡ് എക്‌സ്‌പ്ലോര്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഷൂട്ട് ചെയ്തുവെച്ചിട്ടും അത് എവിടെ എങ്ങനെ പ്ലെയ്‌സ് ചെയ്യണമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു. അത് കൃത്യസ്ഥലത്ത് വേണ്ട രീതിയില്‍ ഒടുവില്‍ പ്ലെയ്‌സ് ചെയ്തു.

വാഴ 2 Photo: Screen grab/ Think Music India

പടക്കം പൊട്ടിച്ചിട്ട് ഓടി വീഴുന്നതും ആ പയ്യന്‍ കരയുന്നതും മാത്രമായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. പിന്നീട് ആ സീനിലെ ഇമോഷണല്‍ സീനുകളുടെ ക്ലോസപ്പ് എടുക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ ആ വീഡിയോയിലെ ചേട്ടന്‍ ഇത്രയും കാലം അതിന്റെ ട്രോമയിലായിരുന്നു. പുറത്ത് എവിടെപ്പോയാലും ആളുകള്‍ പുള്ളിയെ കണ്ട് ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ പുറത്തിറങ്ങാതായി.

പടം ഇറങ്ങിയിട്ട് ഞങ്ങള്‍ പുള്ളിയെ കോണ്‍ടാക്ട് ചെയ്‌തെങ്കിലും ആദ്യം കാണാനും സംസാരിക്കാനും കൂട്ടാക്കിയില്ല. പിന്നീട് പാട്ടൊക്കെ ഇറങ്ങിയപ്പോള്‍ കുറച്ച് ആശ്വാസമായി. ഞങ്ങള്‍ ആ ചേട്ടനെ പോയിക്കണ്ടു,’ സവിന്‍ സാ പറയുന്നു.

വാഴയുടെ ആദ്യഭാഗത്തിലുണ്ടായിരുന്ന ഹാഷിറും ഗ്യാങ്ങുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവര്‍ക്ക് പുറമേ ദേവരാജ്, എയ്ഞ്ചല്‍ മരിയ, അല്‍ഫോണ്‍സ് പുത്രന്‍, സുധീഷ്, ബിജുക്കുട്ടന്‍, വിജയ് ബാബു, അജു വര്‍ഗീസ് തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടുണ്ട്.

Content Highlight: Savin Sa about the emotional scene in Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more