| Saturday, 31st May 2025, 8:30 am

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ സവര്‍ക്കറിന്റെ ചിത്രം സ്ഥാപിച്ചു; സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് വിവാദം. എ.ബി.വി.പി അംഗവും ജോയിന്റ് സെക്രട്ടറിയുമായ വൈഭവ് മീണ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ സവര്‍ക്കറിന്റെ ചിത്രം സ്ഥാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്.

ചിത്രം സ്ഥാപിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. സവര്‍ക്കറിന്റെ ജന്മദിനമായ മെയ് 28നാണ് വൈഭവ് മീണ യൂണിയന്‍ റൂമില്‍ ഫോട്ടോ കൊണ്ടുവച്ചത്.

വിദ്യാര്‍ത്ഥി യൂണിയന്‍ സവര്‍ക്കറിന്റെ ജയന്തി ആഘോഷിക്കുകയും വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ ഛായാചിത്രം സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെയായിരുന്നു സംഘര്‍ഷം.

മൂന്‍കൂട്ടി ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെയാണ് വിദ്യാര്‍ത്ഥി നേതാവ് യൂണിയന്‍ ഓഫീസില്‍ ഛായാചിത്രങ്ങള്‍ സ്ഥാപിച്ചതെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയനിലെ കേന്ദ്ര പാനല്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കാതെ ചിത്രം സ്ഥാപിക്കാന്‍ കഴിയില്ലെന്നും ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റും എ.ഐ.എസ്.എ നേതാവുമായ നിതീഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കാതെ ഏതെങ്കിലും ഛായാചിത്രങ്ങളോ ഫോട്ടോകളോ സ്ഥാപിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

സവര്‍ക്കറിന്റെ ചിത്രം വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ വെക്കാന്‍ തങ്ങള്‍ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നുവെന്നായിരുന്നു എ.ബി.വി.പി നേതാവിന്റെ വാദം.

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെയും മഹാന്മാരെയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്ത പഴയ രീതിയിലായിരിക്കില്ല ഇനി ജെ.എന്‍.യുവെന്നും ഇപ്പോള്‍ ഈ രാജ്യത്തിന്റെ സ്രഷ്ടാക്കളെ ആദരിക്കുകയും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്നും എ.ബി.വി.പി നേതാവ് പറഞ്ഞു.

വീര്‍ സവര്‍ക്കര്‍ നമ്മുടെ ആദര്‍ശമാണെന്നും ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫീസില്‍ അദ്ദേഹത്തെ അനുസ്മരിച്ചുവെന്നും പറഞ്ഞ മീണ ഇടതുപക്ഷക്കാര്‍ ഈ രാജ്യത്തിനും സമൂഹത്തിനും എതിരെ വിഷം വമിപ്പിച്ചിരുന്ന അതേ ഓഫീസില്‍ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചുവെന്നും വാദിച്ചു.

Content Highlight: Savarkar’s portrait installed at JNU student union office; clash erupts

We use cookies to give you the best possible experience. Learn more