| Monday, 12th January 2026, 12:00 pm

സവര്‍ക്കറുടെ ഹിന്ദുത്വത്തിന് ഗാന്ധിയുടെയോ വിവേകാനന്ദന്റെയോ ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ കഴിയില്ല: മണിശങ്കര്‍ അയ്യര്‍

നിഷാന. വി.വി

ന്യൂദല്‍ഹി: സവര്‍ക്കറുടെ ഹിന്ദുത്വത്തിന് ഗാന്ധിയുടെയോ വിവേകാനന്ദന്റെയോ ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

ഹിന്ദുത്വമെന്നത് ‘ഭ്രാന്തമായ ഹിന്ദുയിസമാണ്’ എന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്ത ഡിബേറ്റിങ് സര്‍ക്കിള്‍ സംഘടപ്പിച്ച ‘ഹിന്ദുത്വത്തില്‍ നിന്ന് ഹിന്ദുമതത്തിന് സംരക്ഷണം ആവശ്യമാണ്’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളിയിലെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത അന്ധയായ ആദിവാസി പെണ്‍കുട്ടിയെ തല്ലുന്ന ബി.ജെ.പി നേതാവും ക്രിസ്മസ് അലങ്കാരങ്ങള്‍ തകര്‍ക്കാന്‍ മാളില്‍ റെയ്ഡ് നടത്തുന്നതുമാണ് ഹിന്ദുത്വമെന്ന് അയ്യര്‍ പറഞ്ഞു. ഇതൊന്നുമല്ല ഹിന്ദുമതമെന്നും അതൊരു മഹത്തായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വമെന്നത് ഭ്രാന്തമായ ഹിന്ദുയിസമാണ്, 80% ഹിന്ദുക്കളുടെ മുന്നില്‍ 14% വരുന്ന മുസ്‌ലിങ്ങള്‍ ഭയപ്പെട്ട് ജീവിക്കാന്‍ അത് ആവശ്യപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.
ഹിന്ദുമതം ഒരു മഹത്തായ ആത്മീയ മതമാണെന്നും ഹിന്ദുത്വം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

എന്നാല്‍ സവര്‍ക്കറുടെ ഹിന്ദുത്വത്തിന് ഗാന്ധിയുടെയോ സ്വാമി വിവേകാനന്ദന്റെയോ ഹിന്ദു മതത്തെ സംരക്ഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുമതം പരീക്ഷണങ്ങളെയും കഷ്ടപാടുകളെയും അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ഹിന്ദുത്വത്തിന്റെ സംരക്ഷണം അതിന് ആവശ്യം വന്നിട്ടില്ലെന്നും അതില്ലാതെ തന്നെ ഹിന്ദുമതം അഭിവൃദ്ധി പ്രാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി.
ഹിന്ദുത്വമെന്നത് ഹിന്ദു തത്വത്തെ പ്രതിനിധീകരിക്കുന്നുവെന്നും അത് ഹിന്ദുമതത്തിന്റെ കാതലായ സത്തയാണെന്നും ഇതേ പരിപാടിയില്‍ സംസാരിച്ച ബി.ജെ.പി നേതാവും രാജ്യസഭ അംഗവുമായ സുധാന്‍ഷു ത്രിവേദി പറഞ്ഞു.

മത ഗ്രസ്ഥങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും ത്രിവേദി വിമര്‍ശിച്ചു.

മണിശങ്കര്‍ സനാതനധര്‍മത്തെ അപമാനിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു.
കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു ഹിന്ദു മറ്റൊരു ഹിന്ദുവിനെതിരെ നില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

‘ന്യൂനപക്ഷത്തെ ഒന്നിപ്പിക്കുക, ഹിന്ദു ഭൂരിപക്ഷത്തെ വിഭജിക്കുക’ എന്ന ഏക ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ഭണ്ഡാരി വിമര്‍ശിച്ചു.

Content Highlight: Savarkar’s Hindutva cannot save Gandhi’s or Vivekananda’s Hinduism: Mani Shankar Aiyar

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more