| Wednesday, 25th November 2026, 9:27 pm

സൗരവ് ദാസിന്റെ പാസ്‌പോര്‍ട്ടില്‍ പൊരുത്തക്കേടുകളെന്ന് വിദേശകാര്യ മന്ത്രാലയം; കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു

റെന്വര്‍ പി

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സഹ-കണ്‍വീനര്‍ സൗരവ് ദാസിന്റെ പാസ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്നും അതിനാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും വിദേശകാര്യ മന്ത്രാലയം. സൗരവ് ദാസിന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ടില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് മന്ത്രാലയം പറയുന്നത്.

ചെന്നൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് തിങ്കളാഴ്ച ആണ് ദാസിന് നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നോട്ടീസിന് മറുപടി നല്‍കുന്നത് വരെ പാസ്പോര്‍ട്ട് ഉപയോഗിക്കരുതെന്ന് സൗരവ് ദാസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ജയ്സ്വാള്‍ അറിയിച്ചു. നിയമ നിര്‍വഹണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ജന്മസ്ഥലത്തെക്കുറിച്ചുള്ള വ്യക്തത തേടിക്കൊണ്ട് ചെന്നൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് നവംബര്‍ 23-ന് സൗരവ് ദാസിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരാള്‍ പാസ്പോര്‍ട്ടിനായി അപേക്ഷിക്കുകയും ഫോം പൂരിപ്പിക്കുകയും ചെയ്യുമ്പോള്‍, ശരിയായ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ് എന്നത് സ്വാഭാവികമാണ്. എന്തെങ്കിലും കുറവുകളോ പൊരുത്തക്കേടുകളോ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, അപേക്ഷകന് ഷോ-കോസ് നോട്ടീസ് നല്‍കുക എന്നതാണ് നിലവിലുള്ള നടപടിക്രമം. തങ്ങള്‍ നല്‍കിയ വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേടുകളോ അസ്വാഭാവികതകളോ ഉണ്ടെങ്കില്‍, അതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഈ നോട്ടീസ് വ്യക്തിയോട് ആവശ്യപ്പെടുന്നു,’ എന്നും ജയ്സ്വാള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നടക്കാനിരുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ യു.കെയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തടഞ്ഞുവെന്ന് സൗരവ് ദാസ് പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ജയ്‌സ്വാളിന്റെ പ്രതികരണം. യാത്ര തടഞ്ഞ അധികൃതരുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട്, സൗരവ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സൗരവ് കോടതിയില്‍ ബുധനാഴ്ച ആവശ്യപ്പെട്ടു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിതിന്‍ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച്, വിഷയം വ്യാഴാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു.

Content Highlight: Saurav Das served show-cause notice over passport details – Says MEA

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more