തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ദി ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍ എന്ന ടാഗ്‌ലൈനോടെ ഒരുങ്ങിയ സിനിമയുടെ പോസ്റ്ററിലോ ടീസറിലോ ട്രെയ്‌ലറിലോ കുര്യച്ചന്‍ എന്ന കഥാപാത്രത്തെ കാണിച്ചിരുന്നില്ല.
സിനിമയിലേക്ക് വന്നാല്‍ ടാഗ്‌ലൈനിനെ അന്വര്‍ത്ഥമാക്കും വിധം കുര്യച്ചന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലും കുര്യച്ചന്‍ എന്ന കഥാപാത്രം വെവ്വേറെ രീതിയിലാണ് ഇംപാക്ട് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം മുതല്‍ നിഗൂഢത നിറഞ്ഞ ഈ കഥാപാത്രം ആരാണെന്നറിയാന്‍ എല്ലാ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്.
മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു കുര്യച്ചന്. സിനിമ കണ്ടുതീര്‍ന്ന ഓരോരുത്തരും ആദ്യം അന്വേഷിച്ചത് ആ നടന്‍ ആരാണെന്നായിരുന്നു. സൗരഭ് സച്ച്‌ദേവ എന്ന ബോളിവുഡ് നടന്‍ കുര്യച്ചനായി ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചു. ആ കഥാപാത്രത്തിന്റെ എല്ലാ ഇമോഷനുകളും സൗരഭില്‍ ഭദ്രമായിരുന്നു.
മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നതെങ്കിലും സൗരഭ് ആള് ചില്ലറക്കാരനല്ല. ബോളിവുഡിലെ ഒന്നാം നമ്പര്‍ ആക്ടിങ് ട്രെയിനറാണ് സൗരഭ്. 11 വര്‍ഷമായി ബോളിവുഡില്‍ നിരവധി നടന്മാരുടെ ആക്ടിങ് കോച്ചായി പ്രവര്‍ത്തിച്ച സൗരഭിന്റെ ശിഷ്യന്മാരുടെ ലിസ്റ്റില്‍ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനുമുണ്ട്.
നടന്‍ എന്ന നിലയില്‍ വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് സൗരഭ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആ സിനിമകളിലെല്ലാം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മര്‍മന്‍സിയാന്‍, ലാല്‍ കാപ്റ്റന്‍ തുടങ്ങിയ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ടെങ്കിലും 2023ല്‍ റിലീസായ അനിമലിലെ പ്രകടനമാണ് സൗരഭിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്.
ഇപ്പോഴിതാ എക്കോയിലും പെര്‍ഫോമര്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ റേഞ്ച് വ്യക്തമാക്കി കഴിഞ്ഞു. ലോകത്ത് മനുഷ്യരെക്കാള്‍ കൂടുതല്‍ പട്ടികളെ വിശ്വസിക്കുന്ന, അവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്ന കുര്യച്ചന്‍ സൗരഭില്‍ ഭദ്രമായിരുന്നു. ഒരുപാട് ലെയറുകളുള്ള എന്നാല്‍, ഒറ്റ നോട്ടത്തില്‍ തന്റെ നിഗൂഢത മുഖത്ത് കൊണ്ടുവരാതെ നടക്കുന്ന കുര്യച്ചന്‍ സൗരഭിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്.
രണ്ട് കാലഘട്ടത്തിലെ ശാരീരികാവസ്ഥകള്‍ പോലും ഈ 47കാരനില്‍ ഭദ്രമായിരുന്നു. കുര്യച്ചന്‍ എന്ന ക്യൂരിയസായിട്ടുള്ള കഥാപാത്രത്തിന് ഇതുവരെ മലയാളികള്‍ കണ്ടുശീലിച്ചിട്ടില്ലാത്ത മുഖമായിരിക്കണം എന്ന അണിയറപ്രവര്‍ത്തകരുടെ തീരുമാനം തെറ്റിയില്ല. എക്കോ കണ്ടുകഴിയുമ്പോള്‍ കാട്ടുകുന്നിനൊപ്പം കുര്യച്ചനും നമ്മുടെയൊപ്പം കൂടിയിട്ടുണ്ടാകുമെന്ന് ഉറപ്പ്.
Content Highlight: Saurabh Sachdeva’s performance in Eko movie