| Friday, 21st July 2017, 7:39 am

ജനങ്ങളെ അധിക്ഷേപിച്ചു: സൗദി രാജകുമാരനും കൂട്ടാളികളും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ജനങ്ങളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത വീഡിയോ പുറത്തുവന്നതിനു പിന്നാലെ സൗദി രാജകുമാരനും കൂട്ടാളികളും അറസ്റ്റില്‍. സൗദി രാജാവ് സല്‍മാന്റെ ഉത്തരവ് അനുസരിച്ചാണ് നടപടി.

അക്രമണവും അഴിഞ്ഞാട്ടവും നടത്തിയ രാജകുടുംബാംഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദിനെയും സംഘത്തെയുമാണ് റിയാദ് പോലീസ് പിടികൂടിയത്.

സൗദി രാജകുടുംബാംഗമായ യുവാവ് ഒരാള്‍ക്കുനേരെ നോക്കു ചൂണ്ടുകയും മറ്റൊരാളെ അടിക്കുകയും ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റൊരു ക്ലിപ്പില്‍ വിസ്‌കി ബോട്ടിലുകളും ഉണ്ടായിരുന്നു. “പൗരന്മാര്‍ക്കുനേരെയുള്ള രാജകുമാരന്റെ അതിക്രമം” എന്നര്‍ത്ഥം വരുന്ന അറബിക് ഹാഷ്ടാഗോടുകൂടിയാണ് ഈ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.


Also Read: തകര്‍ക്കാന്‍ കഴിയാത്ത സമരവീര്യം; 22 ദിവസത്തെ സ്വകാര്യ നഴ്‌സിംങ് സമരം വിജയിച്ചു


ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രാജകുമാരനെതിരെ നടപടിയെടുക്കാന്‍ രാജാവ് നിര്‍ബന്ധിതനായത്. പ്രതികള്‍ക്ക് തക്ക ശിക്ഷ നല്‍കണം എന്നും സല്‍മാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്.

സംഘം നടത്തിയ അക്രമങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നിയമം അനുശാസിക്കുന്ന ശക്തമായ ശിക്ഷ നല്‍കണമെന്നും രാജാവ് നിര്‍ദേശിച്ചു. നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം വകവെച്ച് നല്‍കാനും രാജാവ് ഉത്തരവിട്ടിട്ടുണ്ട്.

1964ല്‍ സൗദിയില്‍ അരങ്ങേറിയ കൊട്ടാര വിപ്ലവത്തിന്റെ ഫലമായി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും എല്ലാനിലയ്ക്കും ഒതുക്കപ്പെടുകയും ചെയ്ത സൗദി രാജാവ് സഊദിന്റെ തലമുറയില്‍പ്പെട്ടയാളാണ് ഇപ്പോള്‍ അറസ്റ്റിലായ അമീര്‍ സഊദ്.

സൗദി രാജകുമാരന്മാര്‍ക്ക് മാസത്തില്‍ അലവന്‍സും പ്രത്യേക പരിഗണനയും ലഭിക്കുമെങ്കിലും അവരെ കോടതിക്ക് പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരമുണ്ട്.

We use cookies to give you the best possible experience. Learn more