റിയാദ്: ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച പ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ തുറന്നില്ലെങ്കിൽ കയറ്റുമതിക്കായുള്ള സൗദി അറേബ്യയുടെ എണ്ണ ശേഖരം പൂർണമായി തീർന്നുപോകുമെന്ന് അന്താരാഷ്ട്ര എണ്ണ വ്യാപാരികളും ഉപഭോക്താക്കളും മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ 11-ന് പൈപ്പ്‌ലൈനിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി സെപ്റ്റംബർ 12-നാണ് സൗദി ഊർജ മന്ത്രാലയം ഇതിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചത്. ആക്രമണത്തിന്റെ നാശനഷ്ടത്തെക്കുറിച്ചോ പൈപ്പ്‌ലൈൻ എപ്പോൾ വീണ്ടും തുറക്കുമെന്നതിനെക്കുറിച്ചോ റിയാദ് ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇറാഖിലെ അവരുടെ കേന്ദ്രങ്ങളിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സൗദി ആരോപിക്കുന്നു. സൗദി കപ്പലുകൾ ഒഴികെയുള്ളവയ്ക്ക് ചെങ്കടൽ പാത സുരക്ഷിതമാണെന്ന് ഹൂതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.
1980-കളിൽ നിർമിച്ച 1,200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ്‌ലൈൻ സൗദിയുടെ എണ്ണ വ്യാപാരത്തിൽ അതീവ നിർണായകമാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയപ്പോൾ കഴിഞ്ഞ ആറ് മാസമായി സൗദിയുടെ കയറ്റുമതി തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോയത് ഈ പാതയായിരുന്നു.
ഈ പൈപ്പ്‌ലൈൻ വഴി പ്രതിദിനം ഏകദേശം 40 ലക്ഷം ബാരൽ എണ്ണയാണ് ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് എത്തിച്ചിരുന്നത്. ഇത് ആഗോള എണ്ണ വിതരണത്തിന്റെ നാല് ശതമാനത്തോളം വരും. കൂടാതെ ജൂൺ തുടക്കത്തിൽ യാൻബു തുറമുഖം വഴിയുള്ള കയറ്റുമതി പ്രതിദിനം 50 ലക്ഷം ബാരലിലധികമായി ഉയരുകയും ചെയ്തിരുന്നു.
എന്നാൽ പൈപ്പ്‌ലൈൻ നിലച്ചതോടെ യാൻബുവിലുള്ള എണ്ണ ശേഖരം ഉപയോഗിച്ച് പരമാവധി അഞ്ച് മുതൽ ഏഴ് ദിവസം വരെ മാത്രമേ ഇനി കയറ്റുമതി തുടരാൻ സാധിക്കൂ എന്നാണ് വിപണി വിദഗ്ധർ വ്യക്തമാക്കുന്നത്. യാൻബുവിൽ ഏകദേശം 3.5 കോടി ബാരൽ എണ്ണ സംഭരിക്കാനുള്ള ശേഷിയുണ്ട്. ഇതുകൂടാതെ ഈജിപ്തിലെ ഐൻ സുഖ്നയിൽ 1.8 കോടി ബാരലും മെഡിറ്ററേനിയൻ തീരത്തെ സിദി കെരിറിൽ 2 കോടി ബാരലും സംഭരണശേഷിയുള്ള കേന്ദ്രങ്ങൾ സൗദിക്കുണ്ടെങ്കിലും ഇവയൊന്നും ഇപ്പോൾ പൂർണ ശേഷിയിലല്ല പ്രവർത്തിക്കുന്നത്.
അതിനാൽ പൈപ്പ്‌ലൈൻ വഴിയുള്ള വിതരണം പുനരാരംഭിച്ചില്ലെങ്കിൽ ദിവസങ്ങൾക്കകം ഈ ശേഖരവും പൂർണമായി തീർന്നുപോകും.
നിലവിൽ തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണക്ഷാമവും വിലക്കയറ്റവും രൂക്ഷമായി തുടരുകയാണ്. ഇതിനിടയിൽ സൗദിയിൽ നിന്നുള്ള കയറ്റുമതി കൂടി തടസപ്പെട്ടാൽ ക്രൂഡ് ഓയിൽ വില സർവകാല റെക്കോഡിലേക്ക് ഉയരാനും ആഗോള പണപ്പെരുപ്പം രൂക്ഷമാവാനും കാരണമാകും.
ഇതിനുപുറമെ, ചെങ്കടലിന്റെ പ്രവേശന കവാടത്തിലുള്ള ഒരു ദ്വീപ് ഹൂതികൾ പിടിച്ചെടുത്തതും, 28 കിലോമീറ്റർ വീതിയുള്ള ബാബ് അൽ മന്ദബ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ അവർ ശ്രമിക്കുന്നതും കടൽമാർഗമുള്ള എണ്ണനീക്കം അതീവ സങ്കീർണമാക്കിയിട്ടുണ്ട്.
യുദ്ധത്തിന് മുൻപ് പ്രതിദിനം 2.2 കോടി ബാരൽ എണ്ണ മിഡിൽ ഈസ്റ്റിൽ നിന്ന് വിതരണം ചെയ്തിരുന്ന സ്ഥാനത്ത്, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണയൊഴുക്ക് ഇപ്പോൾ പ്രതിദിനം വെറും 60 ലക്ഷം മുതൽ 90 ലക്ഷം ബാരലായി ചുരുങ്ങിയിരിക്കുകയാണ്. യുദ്ധം തുടങ്ങുന്നതിന് മുൻപ് ഫെബ്രുവരിയിൽ പ്രതിദിനം 1.09 കോടി ബാരലായിരുന്ന സൗദിയുടെ ഉൽപാദനം ഓഗസ്റ്റിൽ വെറും 62 ലക്ഷം ബാരലായി കൂപ്പുകുത്തിയെന്ന് സൗദി തന്നെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഈ വർഷം ആഗോള വിതരണത്തിൽ പ്രതിദിനം 57 ലക്ഷം ബാരലിന്റെ (ഏകദേശം 6%) ഇടിവുണ്ടാകുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി കണക്കുകൂട്ടുന്ന പശ്ചാത്തലത്തിൽ, സൗദി പൈപ്പ്‌ലൈനിലെ തടസം നീങ്ങിയില്ലെങ്കിൽ ലോകം ഇതുവരെ കാണാത്ത വലിയൊരു ഇന്ധന പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlight:Saudi oil stocks could run out; 4% of global oil supply at risk if pipeline isn’t restored soon.