| Tuesday, 27th September 2016, 10:19 am

സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു: സല്‍മാന്‍ രാജാവിന്റെ ചെലവു ചുരുക്കല്‍ നടപടികള്‍ ഇതൊക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം ഇനി മുതല്‍ അത് നഷ്ടമാകും. അവധിക്കാലത്ത് ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സും കിട്ടില്ല. സൗദി സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും രാജകല്പനയില്‍ പറയുന്നു.


റിയാദ്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചിലവുചുരുക്കല്‍ നടപടിയുമായി സൗദി. ചിലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി സല്‍മാന്‍ രാജാവ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തിറക്കിയ രാജകല്പനയിലാണ് ചിലവുചുരുക്കല്‍ നടപടികള്‍ വിശദീകരിക്കുന്നത്. മന്ത്രിമാരുടെ ശമ്പളം 20% വെട്ടിക്കുറച്ചു. ശമ്പളം വെട്ടിക്കുറച്ചവരില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നൈഫ്, ഉപകീരിടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുള്‍പ്പെടുന്നു.

ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ ആനുകൂല്യവും വെട്ടിക്കുറച്ചിട്ടുണ്ട്. ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ക്കു ലഭിക്കുന്ന കാര്‍, ഹൗസിങ്, ഫര്‍ണിഷിങ് ആനുകൂല്യങ്ങളില്‍ 15% കുറവു വരുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്‌റ വര്‍ഷം മുതലാണ് പുതിയ തീരുമാനം നടപ്പില്‍വരിക. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം ഇനി മുതല്‍ അത് നഷ്ടമാകും. അവധിക്കാലത്ത് ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സും കിട്ടില്ല. സൗദി സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും രാജകല്പനയില്‍ പറയുന്നു.

സര്‍ക്കാര്‍ അനുവദിക്കുന്ന ലാന്റ്‌ഫോണ്‍, മൊബൈല്‍ ഫോണ്‍ ബില്ലുകള്‍ മന്ത്രിമാര്‍ സ്വയം വഹിക്കണം. സര്‍ക്കാര്‍ മേഖലയില്‍ പുതിയ നിയമനങ്ങളും നിര്‍ത്തിവെക്കും. ഓവര്‍ടൈം അലവന്‍സും കുറച്ചിട്ടുണ്ട്. ഓവര്‍ടൈം തുക അടിസ്ഥാന ശമ്പളത്തിന്റെ പകുതിയില്‍ കൂടുതല്‍ ആകാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഇതുവരെ ഓവര്‍ടൈം ജോലി ചെയ്താല്‍ 25% അധികതുക കിട്ടുമായിരുന്നു. അവധിദിവസങ്ങളില്‍ ജോലി ചെയ്താല്‍ 50% അധിക ശമ്പളവും കിട്ടുമായിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാമാണ് എടുത്തുകളയുന്നത്.

വാര്‍ഷിക അവധി പരമാവധി 30 ദിവസമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more