| Monday, 16th June 2025, 9:18 pm

സൗദി രാജകുടുംബത്തെ വിമര്‍ശിച്ച് പോസ്റ്റുകള്‍ പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദക്കുറ്റം ചുമത്തി വധിച്ച്‌ ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി രാജകുടുംബത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തനെ വധശിക്ഷയ്ക്ക് വിധേയനാക്കി സൗദി ഭരണകൂടം. തുര്‍ക്കി അല്‍ ജാസര്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ജൂണ് 14ന് വധിച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചത്.

2018ല്‍ അറസ്റ്റ് ചെയ്ത ജാസറിന്റെ വിചാരണ എവിടെയാണ് നടന്നതെന്നടക്കമുള്ള കാര്യം ഭരണകൂടം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. നാല്‍പ്പത് കാരനായ അല്‍ ജാസറിനെ രാജ്യദ്രോഹ, തീവ്രവാദ കുറ്റങ്ങള്‍ ചുമത്തിയാണ് ഭരണകൂടം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്തതിന് പുറമെ ജാസറിന്റെ കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തിരുന്നു. സൗദിയിലെ പരമോന്നത കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു.

2011 പശ്ചിമേഷ്യയെ പിടിച്ച് കുലുക്കിയ അറബ് വസന്ത പ്രസ്ഥാനങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍, അഴിമതി എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളിലൂടെ പ്രശസ്തി കൈവരിച്ച മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2013 മുതല്‍ 2015 വരെ അല്‍ ജാസര്‍ ഒരു സ്വകാര്യ ബ്ലോഗും നടത്തിയിരുന്നു. തീവ്രവാദികളെയും ഭീകര ഗ്രൂപ്പുകളെയും കുറിച്ച് അല്‍-ജാസര്‍ നിരവധി വിവാദ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്‌

സൗദി രാജകുടുംബാംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച എക്സ് അക്കൗണ്ടുകള്‍ക്ക് പിന്നില്‍ അല്‍-ജാസര്‍ ആണെന്നാണ് സൗദി അധികൃതര്‍ വിശ്വസിച്ചിരുന്നതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് (സി.പി.ജെ) എന്ന സംഘടന അഭിപ്രായപ്പെട്ടു. ജാസറിന്റെ വധശിക്ഷയ്ക്ക് പിന്നാലെ അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിന്നടക്കം വലിയ രീതിയിലുള്ള വിമര്‍ശനമാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്.

ജാസറിന്റെ വധശിക്ഷയെ സി.പി.ജെ പ്രോഗ്രാം ഡയറക്ടര്‍ കാര്‍ലോസ് മാര്‍ട്ടനെസ് ഡി ലാ സെര്‍ന അപലപിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഭരണകൂടങ്ങള്‍ സ്വീകരിച്ച ഉത്തരവാദിത്തമില്ലായ്മയാണ് മാധ്യമപ്രവര്‍ത്തകരെ തുടര്‍ച്ചയായി പീഡിപ്പിക്കുന്നതിന് സൗദി ഭരണകൂടത്തിന് സഹായമാകുന്നതെന്ന് കാര്‍ലോസ് മാര്‍ട്ടനെസ് ആരോപിച്ചു.

‘ജമാല്‍ ഖഷോഗിക്ക് നീതി ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടത് ഒരു പത്രപ്രവര്‍ത്തകനെ മാത്രമല്ല, മറിച്ച് മാധ്യമങ്ങളെ പീഡിപ്പിക്കുന്നത് തുടരാന്‍ സൗദി  കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനെ ധൈര്യപ്പെടുത്തി’ കാര്‍ലോസ് കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിച്ചതിനും ചോദ്യം ചെയ്തതിനുമുള്ള ശിക്ഷ മരണമാണെന്ന് വീണ്ടും തെളിയിക്കുകയാണ് അല്‍-ജാസറിന്റെ വധശിക്ഷയെന്ന് അന്താരാഷ്ട്ര വധശിക്ഷ വിരുദ്ധ അഭിഭാഷക ഗ്രൂപ്പായ റിപ്രൈവിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വിഭാഗം മേധാവി ജീദ് ബസ്യൂണി പറഞ്ഞു.

Content Highlight: Saudi journalist executed for posts against royal family 

We use cookies to give you the best possible experience. Learn more