മക്ക: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മക്കയിൽ ഫലസ്തീന് പതാക ഉയർത്തിയ തീർത്ഥാടകനെ അറസ്റ്റ് ചെയ്ത് സൗദി സെക്യൂരിറ്റി ഫോഴ്സ്. ഈജിപ്ഷ്യൻ തീർത്ഥാടകനാണ് അറസ്റ്റിലായത്.
മക്കയിലെ ഗ്രാൻഡ് മോസ്ക്കിലെ കഅബയ്ക്ക് സമീപം ഫലസ്തീൻ പതാക ഉയർത്തി ഗസയിലെ ഉപരോധവും പട്ടിണിയും അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പിന്നാലെ സൗദി സുരക്ഷാ സേന ഈജിപ്ഷ്യൻ തീർത്ഥാടകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.
‘വാ ഇസ്‌ലാമോ’ എന്ന വാക്യം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് തീർത്ഥാടകൻ പതാക ഉയർത്തിയത്. ഇസ്‌ലാമോ മുസ്‌ലിങ്ങളോ വംശഹത്യയോ ഭീഷണിയോ ആക്രമണങ്ങളോ നേരിടുമ്പോൾ ദുഃഖം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്യമാണ് ‘വാ ഇസ്‌ലാമോ’. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ തീർത്ഥാടകൻ ഗസയിലെ കുട്ടികൾ മരിക്കുകയാണ്, വാ ഇസ്‌ലാമോ എന്ന് പറയുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ സൗദി പൊലീസ് എത്തുകയും അദ്ദേഹത്തെ തടഞ്ഞുവെക്കുകയും ചെയ്യുന്നതായി കാണാം.
ഇസ്‌ലാമിലെ ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കുന്ന മക്കയിൽ രാഷ്ട്രീയ പ്രകടനങ്ങൾക്ക് സൗദി അറേബ്യ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ്, ഉംറ വേളകളിൽ ദേശീയ പതാകകൾ ഉൾപ്പെടെയുള്ള എല്ലാ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും അധികാരികൾ നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രകടനകളോ മുദ്രകളോ ചിഹ്നങ്ങളോ പതാകകളോ കൊണ്ടുവരുന്നത് ആരാധനയുടെ പവിത്രത നഷ്ടപ്പെടുത്തുമെന്നാണ് അധികാരികളുടെ വാദം.
പക്ഷേ ഫലസ്തീനുള്ള പിന്തുണ തടയുന്നതിനും ഐക്യദാർഢ്യ പ്രകടനങ്ങളെ അടിച്ചമർത്തുന്നതിനുമാണ് സൗദി ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്ന് വിമർശകർ പറയുന്നുണ്ട്.
മക്കയ്ക്ക് പുറത്ത്, ഇസ്രഈലിനെ വിമർശിക്കുന്നതോ ഗസക്ക് വേണ്ടി ഓൺലൈനിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോ ആയ പൗരന്മാർക്കെതിരെ സൗദി അധികൃതർ വ്യാപകമായ നടപടികൾ ആരംഭിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.
2017 ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തിന്റെ വിദേശനയത്തെയോ പ്രാദേശിക വിഷയങ്ങളെയോ വിമർശിക്കുന്നവർക്ക് നേരെ ഉണ്ടായ അറസ്റ്റുകളിൽ വർധനവ് ഉണ്ടായതായി മനുഷ്യാവകാശ സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധം തുടരുന്നതിനിടെ മക്കയിലെ അറസ്റ്റ് സൗദി അറേബ്യയിൽ ഫലസ്തീനുള്ള പൊതുജന പിന്തുണ കുറ്റകൃത്യമാക്കുകയാണെന്ന ആശങ്ക വർധിപ്പിക്കുന്നു.
2023ൽ കഫിയയും ഫലസ്തീൻ പതാകയുടെ നിറത്തിലുള്ള പ്രാർത്ഥനാ കൊന്തയും ധരിച്ചതിന് ഒരു ബ്രിട്ടീഷ് തീർത്ഥാടകനെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Saudi forces arrest pilgrim for raising Palestinian flag in Mecca