| Tuesday, 27th November 2018, 9:04 pm

'താങ്കളുമായി എനിക്ക് കൂടിക്കാഴ്ച നടത്തണം, നമുക്ക് ആലോചിക്കാം' എര്‍ദോഗാനെ ഫോണില്‍ വിളിച്ച് കൂടിക്കാഴ്ച ആവശ്യപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: അര്‍ജന്റീനയില്‍ വെച്ച് നടക്കാനിരിക്കുന്ന ജി-20 സമ്മിറ്റിനിടയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമായി കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സമീപിച്ചതായി തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലത് കവുസോഗി പറഞ്ഞു.

അദ്ദേഹം എര്‍ദോഗാനെ വിളിച്ചിരുന്നു. അര്‍ജന്റീനയില്‍ വെച്ച് കാണണമെന്നും ആവശ്യപ്പെട്ടു. നമുക്കത് ആലോചിക്കാം എന്നാണ് എര്‍ദോഗാന്‍ മറുപടി പറഞ്ഞത്. ജര്‍മന്‍ ദിനപത്രമായ സ്യൂഡഷെ സീതങിന് ഇന്ന് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഈ സമയത്ത് അദ്ദേഹത്തെ കാണാതിരിക്കാന്‍ മാത്രം പ്രശ്‌നമൊന്നുമില്ല. പക്ഷെ എര്‍ദോഗാന്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. മെവ്‌ലത് കൂട്ടിച്ചേര്‍ത്തു.

ALSO READ:ഇരുമ്പ് കസേരയിലിരുത്തി ഷോക്കടിപ്പിച്ചു, അനാവശ്യമായി മരുന്ന് കഴിപ്പിച്ചു, ‘മുസ്‌ലിമായ കുറ്റത്തിന്’ ക്രൂരമായി പീഡിപ്പിച്ച് ചൈനീസ് സര്‍ക്കാര്‍

ഈ മാസം മുപ്പതിനാണ് ജി-20 സമ്മിറ്റ് ആരംഭിക്കുന്നത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഏരിസിലാണ് സമ്മേളനം. എര്‍ദോഗാന്‍ എം.ബി.എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. എന്നാല്‍ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം കൊലയുമായി ബന്ധപ്പെട്ടവര്‍ താമസിച്ച യലോവ നഗരത്തിലെ രണ്ട് വില്ലയില്‍ പൊലീസ് തെരച്ചില്‍ നടത്തിയങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല.

പത്രപ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സൗദി രാജ്യാന്തരതലത്തില്‍ ഒറ്റപ്പെട്ടിരുന്നു. ജി-7 രാജ്യങ്ങള്‍ സൗദിയുടെ അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more