| Thursday, 19th March 2026, 7:08 am

സൗദി നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്താല്‍ നഷ്ടം ഇറാന്, പാകിസ്ഥാന്റെ ആണവായുധങ്ങള്‍ കുട പോലെ ഉപയോഗിക്കും: സൗദി അറേബ്യന്‍ അനലിസ്റ്റ്

ആദര്‍ശ് എം.കെ.

റിയാദ്: ഇറാനെതിരെ ഇസ്രഈലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളില്‍ സൗദി അറേബ്യ പങ്കുചേര്‍ന്നാല്‍, പാകിസ്ഥാനുമായുള്ള ഉഭയകക്ഷി കരാര്‍ രാജ്യം സജീവമാക്കുമെന്ന് സൗദി അറേബ്യന്‍ അനലിസ്റ്റ് സല്‍മാന്‍ അല്‍ അന്‍സാരി.

ഇത്തരമൊരു സാഹചര്യം ഉടലെടുത്താല്‍ പാകിസ്താന്റെ ആണവായുധ ശേഖരം സൗദി അറേബ്യക്ക് ഒരു ‘ആണവ കുട’ അഥവാ ന്യൂക്ലിയര്‍ അംബ്രല്ല ആയി ഉപയോഗിക്കപ്പെടുമെന്നും അന്‍സാരി വ്യക്തമാക്കി. കാനഡയില്‍ സി.ബി.സി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൗദി പൂര്‍ണശക്തിയോടെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ ഏറ്റവും വലിയ നഷ്ടം നേരിടേണ്ടി വരുന്നത് ഇറാന് തന്നെയായിരിക്കും. കാരണം സൗദി പാകിസ്ഥാനുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാര്‍ സജീവമാക്കും. സൗദി അറേബ്യയ്ക്ക് മുകളില്‍ ഒരു ന്യൂക്ലിയര്‍ അംബ്രല്ല തന്നെയുണ്ടെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാന്‍ സാധിക്കും,’ അന്‍സാരി സി.ബി.സിയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ സുപ്രധാന പ്രതിരോധ കരാറിന്റെ ഭാഗമായത്. നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ചിന് സമാനമായ രീതിയിലാണ് ഈ കരാറിന്റെ പ്രവര്‍ത്തനം. അതായത്, ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം ഇരുരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും.

ഇറാനെതിരെ സൗദി അറേബ്യ നേരിട്ട് യുദ്ധത്തിനിറങ്ങുകയാണെങ്കില്‍ പാകിസ്ഥാന്റെ ആണവ പിന്തുണ ഈ കരാര്‍ വഴി തേടാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

സൗദിയുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കും റിയാദിലെ യുഎസ് എംബസിക്കും നേരെ ഇറാന്‍ ഇതിനോടകം തന്നെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണം സൗദിയുടെ എണ്ണ കയറ്റുമതിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്‍സാരി ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, ഇറാനും സൗദിക്കും ഇടയിലുള്ള പ്രശ്‌നങ്ങളില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ഈ മാസം ആദ്യം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ സംഭാഷണത്തില്‍ സൗദിക്കൊപ്പമുള്ള തങ്ങളുടെ കരാറിനെ കുറിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ ഈ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

‘ഞങ്ങള്‍ക്ക് സൗദി അറേബ്യയുമായി ഒരു കാരാറുണ്ട്. ഇത് ഞാന്‍ ഇറാനിയന്‍ പക്ഷത്തെ അറിയിച്ചിട്ടുമുണ്ട്,’ എന്നായിരുന്നു ദാര്‍ പറഞ്ഞത്.

ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് സൗദി പ്രദേശങ്ങളെ ഒരു ലോഞ്ച് പാഡായി ഉപയോഗിക്കില്ലെന്ന ഉറപ്പാണ് ഇറാന്‍ തേടിയതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ തങ്ങളുടെ എണ്ണ-വാതക ആവശ്യങ്ങള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍, മേഖലയിലെ സംഘര്‍ഷം പാകിസ്താനെയും നേരിട്ട് ബാധിക്കുന്നുണ്ട്.

Content Highlight: Saudi Arabian analyst says if Saudi Arabia joins the joint Israeli and US attacks on Iran, the country will activate its bilateral agreement with Pakistan.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more