| Monday, 7th April 2025, 2:21 pm

ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസകള്‍ നിര്‍ത്തിവെച്ച് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. ഉംറ, ബിസിനസ്, കുടുംബ സന്ദര്‍ശന വിസകള്‍ക്കാണ് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അടുത്തിടെ ഔദ്യോഗിക ഹജ്ജ് രജിസ്ട്രേഷന്‍ പ്രക്രിയ ഒഴിവാക്കാന്‍ നിരവധി വിദേശ പൗരന്മാര്‍ വിസകള്‍ ദുരുപയോഗം ചെയ്യുന്നതായി സൗദി അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇത്തരം ദുരുപയോഗങ്ങള്‍ തിക്കിലും തിരക്കിലും പെട്ടുളള അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കരണമാകുന്നുവെന്നാണ് പ്രധാനമായും കണ്ടെത്തിയത്.

ഇക്കാരണത്താലാണ് സുസംഘടിതവും സുരക്ഷിതവുമായ ഹജ്ജ് തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കിയെതെന്ന് പറഞ്ഞു.

ജൂണ്‍ പകുതിയോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം പൂര്‍ത്തിയാകുക. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ കാലയളവ് വരെ വിസകള്‍ക്കുളള നിയന്ത്രണം പ്രാബല്യത്തില്‍ ഉണ്ടാകും.

പുതിയ നിയമങ്ങള്‍ പ്രകാരം ഏപ്രില്‍ 13 വരെ മാത്രമേ ഉംറയ്ക്കുള്ള വിസ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ഇതിന് ശേഷം ഹജ്ജ് സീസണ്‍ അവസാനിക്കുന്നതുവരെ പുതിയ ഉംറ വിസകള്‍ നല്‍കില്ല.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് വിസാ നിയന്ത്രണം നേരിടുക.

2024ലെ ഹജ്ജ് സീസണില്‍ തിക്കിലും തിരക്കിലും പെട്ട് 1000ത്തിലധികം തീര്‍ത്ഥാടകര്‍ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണപ്പെട്ടവരില്‍ പലരും ഹജ്ജ് ഇതര വിസകളില്‍ സൗദി അറേബ്യയില്‍ പ്രവേശിച്ച അനധികൃത സന്ദര്‍ശകരായിരുന്നു.

വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കാനും രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ക്ക് സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കാനുമാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ വിസാ കാലാവധി കഴിഞ്ഞതിന് ശേഷവും മക്കയില്‍ തങ്ങുന്നവരും ശരിയായ അനുമതിയില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുന്നവരും അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് നേരിടേണണ്ടിവരുമെന്ന് സൗദി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Saudi Arabia suspends visas for citizens of 13 countries, including India

We use cookies to give you the best possible experience. Learn more