| Sunday, 11th October 2026, 8:41 am

റിയാദ് വിമാനത്താവളത്തിന് നേര്‍ക്കുള്ള ആക്രമണത്തില്‍ 12 മരണം; 309 പേര്‍ക്ക് പരിക്ക്, വിമാനങ്ങള്‍ റദ്ദാക്കി

റെന്വര്‍ പി

റിയാദ്: സൗദിയില്‍ റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സൗദി പൗരന്മാരാണ്. രണ്ട് ബംഗ്ലാദേശ് സ്വദേശികളും, യു.എസ്, ജോര്‍ദാന്‍, ഫലസ്തീന്‍, സിറിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടു.

ആക്രമണത്തിന് ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. റിയാദ് വിമാനത്താവളത്തിലേക്കുള്ള നൂറു കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു. ആക്രണത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദിയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ചത്തേത്.

ശനിയാഴ്ചത്തെ ആക്രമണത്തിന് മുന്നോടിയായി സൗദി അറേബ്യയുടെ സുരക്ഷാ മുന്നറിയിപ്പ് സംവിധാനത്തില്‍ നിന്ന് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിന് നേര്‍ക്ക് മറ്റ് രണ്ട് ആക്രമണങ്ങളും നടന്നിരുന്നു. അവയില്‍ നാല് പേര്‍ കൊല്ലപ്പെടുകയും, ടാര്‍മാക്കില്‍ നിര്‍ത്തിയിട്ടിരുന്ന സൗദി വാണിജ്യ വിമാനത്തിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

റിയാദ് വിമാനത്താവളത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് സൗദി സൈനിക സഖ്യം പ്രഖ്യാപിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാര്‍ നടത്തുന്ന കരയുദ്ധത്തെ പിന്തുണച്ച് സൗദി നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരുകയാണ്.

ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളില്‍ നൂറുകണക്കിന് ആക്രമണങ്ങള്‍ നടത്തിയതായി സൗദി അറേബ്യയും യെമന്‍ സര്‍ക്കാരും നേരത്തെ പറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഹൂത്തികളും പറഞ്ഞിരുന്നു.

സൗദി സഖ്യത്തിനൊപ്പം ചേരുന്നത് പരഗിണിക്കുമെന്ന് യു.എസ്

റിയാദ് ആക്രമണത്തെത്തുടര്‍ന്ന്, ഹൂത്തികള്‍ക്കെതിരായ ആക്രമണത്തില്‍ സൗദി സഖ്യത്തിനൊപ്പം ചേരുന്ന കാര്യം പരിഗണിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയ്ക്കൊപ്പം ചേരുന്നതും ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കുന്നതും പരിഗണിക്കുമെന്ന് ട്രംപ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

‘ഞങ്ങള്‍ അതിന് മുതിര്‍ന്നേക്കാം. ഞങ്ങള്‍ അത് പരിശോധിക്കും. സമീപകാലത്തുണ്ടായ ആക്രമണത്തെക്കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ അറിഞ്ഞതേയുള്ളൂ, അതിനാല്‍ ഞങ്ങള്‍ ഒരു തീരുമാനമെടുക്കും. ഞങ്ങള്‍ വളരെ വേഗത്തിലാണ് നടപടികളെടുക്കാറുള്ളത്,’ എന്ന് സൗദി സഖ്യത്തില്‍ ചേരുമോ എന്ന ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ റിയാദ് ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു യു.എസ് സ്വദേശിയുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

ഖത്തര്‍ അപലപിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തെ ഗുരുതരമായി ലംഘിക്കുന്നതും പ്രാദേശിക സുരക്ഷ, സാധാരണക്കാരുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, വ്യോമഗതാഗതം എന്നിവയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദി അറേബ്യയുമായുള്ള പൂര്‍ണ്ണ ഐക്യദാര്‍ഢ്യം ഖത്തര്‍ ആവര്‍ത്തിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത, താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നിയമാനുസൃത നടപടികള്‍ക്കും പിന്തുണയും ഖത്തര്‍ പ്രഖ്യാപിച്ചു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയില്‍ സൗദി അറേബ്യയുടെ സുരക്ഷ അവിഭാജ്യ ഘടകമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

Content Highlight: Saudi Arabia says 12 killed, 300 wounded in Houthi attack on Riyadh airport

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more