| Wednesday, 16th September 2026, 11:11 am

മക്ക ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈല്‍ അക്രമണശ്രമം: തടഞ്ഞ് സൗദി സഖ്യം

ദേവിക ജയചന്ദ്രന്‍

റിയാദ്: ഹൂത്തികള്‍ മക്കയിലേക്ക് വിക്ഷേപിച്ച ഡ്രോണ്‍ നശിപ്പിച്ചതായി സൗദി അറേബ്യ. ചൊവ്വാഴ്ച വൈകുന്നേരം നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് റോയല്‍ സൗദി പ്രതിരോധസേന ഡ്രോണ്‍ തടഞ്ഞതായി സൗദി സഖ്യസേന വക്താവ് തുര്‍ക്കി അല്‍-മാലികി പറഞ്ഞു.

വിശ്വാസികളെ ഭയപ്പെടുത്താനും സാധാരണക്കാരെ ഉപദ്രവിക്കാനുമുള്ള ശ്രമമാണിതെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മക്ക ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ രണ്ടാമത്തെ ആക്രമണശ്രമമാണിത്. 2017ല്‍ അവര്‍ മക്ക ലക്ഷ്യമിട്ടിരുന്നു. ഇതിനുശേഷം ആദ്യമായി സൗദി അറേബ്യ മക്കയില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി.
ഏതാനും മിനുറ്റുകള്‍ക്ക് ശേഷം മുന്നറിയിപ്പ് പിന്‍വലിച്ചു.

മക്ക നഗരത്തിനോ മറ്റ് ഇസ്ലാമിക പുണ്യസ്ഥലങ്ങള്‍ക്കോ എതിരെ ഹൂത്തി സൈന്യം ഭീഷണി ഉയര്‍ത്തുന്നുവെന്ന വാദം ഹൂത്തി സൈനികവൃത്തങ്ങള്‍ തള്ളി. ചൊവ്വാഴ്ച സാബ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയിലാണ് സൗദിയുടെ അവകാശവാദങ്ങള്‍ ഹൂത്തികള്‍ തള്ളിയത് .

2015ല്‍ സന പിടിച്ചെടുത്ത് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിനെ ഹൂത്തികള്‍ പുറത്താക്കി. ഇതിനെത്തുടര്‍ന്ന് സൗദി അറേബ്യ യെമനില്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

2022 ഏപ്രിലില്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സൗദി പ്രദേശങ്ങള്‍ക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങളെ തടഞ്ഞിരുന്നു.

2026 ജൂലൈയില്‍ സൗദിയുമായുള്ള വ്യാപാരത്തിന് ഹൂത്തികള്‍ ഉപരോധം പ്രഖ്യാപിക്കുകയും ബാബ് അല്‍ മന്ദബ് തീരപ്രദേശത്തെ പ്രധാന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ ആദ്യം ഇറാനുമായി സഖ്യമുണ്ടാക്കിയ ശേഷം ഹൂത്തികള്‍ സൗദിയിലുടനീളം മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു. രാജ്യത്തെ സിവിലിയന്‍, സാമ്പത്തിക കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് റിയാദ് ആരോപിച്ചിരുന്നു.

ചൊവ്വാഴ്ച സൗദി നഗരങ്ങളായ ഖാമിസ് മുഷൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.

Content Highlight: Saudi Arabia issues emergency alerts over ‘potential danger’ in Jeddah, Mecca, Taif

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more