വാഷിങ്ടണ്‍ ഡി.സി: യെമനില്‍ സൗദി-യു.എ.ഇ സഖ്യം നേതൃത്വം നല്‍കുന്ന യുദ്ധത്തിന് യു.എസ് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാനുള്ള പ്രമേയത്തിന് അംഗീകാരം. യു.എസ് ജനപ്രതിനിധി സഭയാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്.
175ന് എതിരെ 247 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. പ്രമേയം ഇനി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഗണനയ്ക്കായി അയക്കും. ബില്ലിനെ യു.എസ് പ്രസിഡന്റ് വീറ്റോ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന സൂചനകളും വൈറ്റ് ഹൗസ് നല്‍കി.
നേരത്തെ യു.എസ് സെനറ്റ് ഈ പ്രമേയം അംഗീകരിച്ചിരുന്നു. പ്രമേയം പാസാക്കിയതോടെ ആദ്യമായാണ് 1973ലെ യുദ്ധ അധികാര നിയമപ്രകാരം യു.എസ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.
യെമനില്‍ സൗദി-യു.എ.ഇ സഖ്യം നടത്തുന്ന യുദ്ധത്തിന് 2015 മുതല്‍ യു.എസ് സഹായം നല്‍കുന്നുണ്ട്. യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുക, സൗദിക്ക് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ യു.എസ് ചെയ്തിരുന്നു.
യെമന്‍ യുദ്ധത്തില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നതായി അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗദി-യു.എ.ഇ സഖ്യം പൗരന്മാരെയും ആശുപത്രികളും ചികിത്സാ സംവിധാനങ്ങളുമെല്ലാം തകര്‍ത്തിരുന്നു. യുദ്ധത്തില്‍ 60,000ത്തോളം പൗരന്മാര്‍ കൊല്ലപ്പെട്ടെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്ക്. 85,000 കുട്ടികള്‍ പട്ടിണി കിടന്ന് മരിച്ചിട്ടുണ്ടെന്നും ഇത്തരം സംഘടനകള്‍ പറയുന്നു.