റിയാദ്: മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ (മസ്ജിദുല്‍ ഹറം) ആത്മഹത്യാ ബോംബറുടെ ആക്രമണ ശ്രമം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൗദി അറേബ്യ. സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ അറിയണമെന്നും സൗദി പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
പ്രദേശത്ത് വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും പരിഭ്രാന്തി പരത്തുകയും ചെയ്ത ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത സംഭവമാണ് ആത്മഹത്യാ ബോംബറുടെ ആക്രമണ ശ്രമമായി പ്രചരിപ്പിക്കുന്നതെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇയാളെ ഉടന്‍ തന്നെ നിയന്ത്രണത്തിലാക്കുകയും നിയമനടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഗ്രാന്‍ഡ് മസ്ജിദില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആത്മഹത്യാ ബോംബര്‍ എന്ന് സംശയിക്കുന്ന ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സ്‌ഫോടകവസ്തുക്കള്‍ ധരിച്ച ഒരാള്‍ കഅബയ്ക്ക് അടുത്തെത്തി അത് സ്‌ഫോടനത്തിന് ശ്രമിച്ചു എന്ന അവകാശവാദത്തോടെയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് സൗദി അധികൃതരുടെ വിമര്‍ശനം.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച വസ്ത്രം ധരിച്ച ഒരാള്‍ ചാവേര്‍ ആക്രമണത്തിനായി കഅ്ബയ്ക്ക് അടുത്തെത്തിയെന്നും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നും ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. മസ്ജിദുല്‍ ഹറം പരിസരത്ത് നിന്ന് പിടികൂടിയ വ്യക്തി ഒരു ‘ചാവേര്‍’ ആണെന്നും ആക്രമണത്തിന് ശ്രമിച്ചുവെന്നും ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അവകാശപ്പെട്ടിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ 2017 ഫെബ്രുവരിയിലേതാണെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഅബയ്ക്ക് സമീപം വസ്ത്രത്തില്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്താന്‍ ശ്രമിച്ച ഒരാളെ സൗദി സുരക്ഷാ സേന തടഞ്ഞതായി അന്ന് ‘അറബ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ അന്ന് അയാളെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Saudi Arabia denies suicide bomber report at Makkah Grand Mosque