ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 8 ന് സത്യപാല്‍ മാലിക് തന്നെ തന്റെ ആരോഗ്യനില അല്‍പം ഗുരുതരമാണെന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസമായി താന്‍ ആശുപത്രിയിലാണെന്നും വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിലും പറഞ്ഞിരുന്നു.
പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ വ്യക്തികൂടിയായിരുന്നു സത്യപാല്‍ മാലിക്.
സി.ആര്‍.പി.എഫ് സേനാംഗങ്ങള്‍ കടന്നുപോയ വഴിയില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നില്ലെന്നും ആ വഴിയിലേക്കെത്താവുന്ന പത്തോളം ഇടറോഡുകളിലൊന്നില്‍ പോലും കാവല്‍ ഉണ്ടായിരുന്നില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞിരുന്നു.
അഞ്ചു വിമാനങ്ങള്‍ അന്ന് സി.ആര്‍.പി.എഫ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് നല്‍കിയില്ലെന്നുമായിരുന്നു കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ മാലിക് വെളിപ്പെടുത്തിയത്.
ഇക്കാര്യം താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ തന്നോട് മിണ്ടാതിരിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും മാലിക് ആരോപിച്ചിരുന്നു.
‘അത്രയുമധികം സ്‌ഫോടകവസ്തുക്കള്‍ ഭീകരന് നല്‍കിയത് പാക്കിസ്ഥാനാണ്. പക്ഷേ, 300 കിലോ സ്‌ഫോടകവസ്തുക്കളുമായി ഒരു കാര്‍ പന്ത്രണ്ടോളം ദിവസം കശ്മീരില്‍ സ്വതന്ത്രമായി സഞ്ചരിച്ചതു കണ്ടെത്താന്‍ കഴിയാത്തതു നമ്മുടെ ഇന്റലിജന്‍സ് വീഴ്ചയാണ്.
ആഭ്യന്തര മന്ത്രാലയവും സി.ആര്‍.പി.എഫുമാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയത്. ഞാനായിരുന്നു ആഭ്യന്തര മന്ത്രിയെങ്കില്‍ കുറ്റം ഞാന്‍ ഏല്‍ക്കുമായിരുന്നു. പുല്‍വാമ സംഭവത്തില്‍ ഇന്ത്യന്‍ ഭരണസംവിധാനത്തിനാകെ വീഴ്ച പറ്റി’ എന്നായിരുന്നു സത്യപാല്‍ പറഞ്ഞത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ തലേന്നു മാത്രമാണ് അക്കാര്യം കേന്ദ്രം തന്നെ അറിയിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന മാലിക്ക് 2018 ഓഗസ്റ്റിലാണ് ജമ്മുകശ്മീര്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. 2019 ഫെബ്രുവരിയിലായിരുന്നു പുല്‍വാമ ആക്രമണം.
2019ല്‍ നവംബറില്‍ ഗോവ ഗവര്‍ണറായി സ്ഥലം മാറ്റപ്പെട്ട മാലിക്കിനെ പിന്നീട് 2020 ഓഗസ്റ്റില്‍ മേഘാലയയിലേക്കു മാറ്റിയിരുന്നു. ഗവര്‍ണറായിരുന്നു കാലത്ത് മോദിയുടെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും മാലിക് രംഗത്തെത്തിയിരുന്നു.
ഭാരതീയ ക്രാന്തിദള്‍, ലോക്ദള്‍, കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ച മാലിക് 2004 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. 1989-90 കാലഘട്ടത്തില്‍ വി.പി. സിങ് മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു.
Content Highlight: Satyapal Malik, former J&K governor, passes away at 79