ന്യൂദല്‍ഹി: സത്യ നികേതന്‍ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട് ഏഴ് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). ദല്‍ഹി സര്‍ക്കാര്‍ അടക്കമുള്ളവര്‍ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ ഏഴ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും സി.ജെ.പി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും രാജ്യത്തെ ഹോസ്റ്റല്‍, പി.ജി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നടത്തണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് സി.ജെ.പി ഉന്നയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹോസ്റ്റലുകള്‍ നിര്‍മിക്കുക, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സി.ജെ.പി ഉന്നയിക്കുന്നു. അപകടവുമായി ബന്ധപ്പെട്ട് മന്ത്രിതലത്തിലുള്ളവര്‍ അടക്കം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവര്‍ വ്യക്തമാക്കി.
സത്യ നികേതന്‍ ദുരന്തത്തെക്കുറിച്ചുള്ള ഒരു സ്വതന്ത്ര ക്രിമിനല്‍ അന്വേഷണം നടത്തണം. കെട്ടിട ഉടമയെക്കുറിച്ച് അന്വേഷിക്കുക. ഉടമയും രാഷ്ട്രീയക്കാരുമായുള്ള ബന്ധങ്ങളും ഇത്തരത്തിലുള്ള മറ്റ് ബന്ധങ്ങളും സംബന്ധിച്ച് അന്വേഷിക്കണം. വലിയ പി.ജി മാഫിയയെക്കുറിച്ചും സ്വതന്ത്രമായി അന്വേഷിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യങ്ങളുടെയും, സ്‌കൂള്‍, കൊളേജ് കെട്ടിടങ്ങളുടെയും എന്‍ജിനീയറിങ് ഗ്രേഡ് സുരക്ഷാ പരിശോധന നടപ്പാക്കണം. ആ പരിശോധനാ നടപടികള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
അപകടകരമായ കെട്ടിടങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. അനധികൃത നിര്‍മാണങ്ങള്‍ അടച്ചുപൂട്ടാനും അത്തരം കേസുകളില്‍ ഉത്തരവാദികളായവരെ ശിക്ഷിക്കാനും സംഘടന ആവശ്യപ്പെട്ടു.
ഈ വര്‍ഷം ജൂണ്‍ മൂന്നിനുണ്ടായ ഹോസ് റാണി തീപ്പിടിത്തത്തിന് ശേഷം രൂപീകരിച്ച 13 ജില്ലാതല കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച എല്ലാ രേഖകളും 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കാനും സി.ജെ.പി ആവശ്യപ്പെട്ടു. ഹോസ് റാണി തീപ്പിടിത്തത്തിന് ശേഷം അനധികൃത കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനായിരുന്നു ഈ കമ്മിറ്റികള്‍ രൂപീകരിച്ചത്.
കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് കമ്മിറ്റികള്‍ നടത്തിയ പരിശോധനകളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ചകളെന്തെന്നും വ്യക്തമാക്കണമെന്ന് സി.ജെ.പി ആവശ്യപ്പെടുന്നു. കമ്മിറ്റികള്‍ അയച്ച നോട്ടീസുകള്‍, സുരക്ഷാ ലംഘനം കണ്ടെത്തി അടച്ച് പൂട്ടിയതോ പൊളിച്ച് മാറ്റിയതോ ആയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ എന്നിവയും പ്രസിദ്ധീകരിക്കണം.
സത്യ നികേതന്‍ കെട്ടിടത്തിന്റെ സര്‍വേയുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വിടണം. പരിശോധനയും മറ്റ് നടപടികളും സ്വീകരിച്ച തീയതികള്‍ ഏതാണെന്നും അവയില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ആരാണെന്നും വ്യക്തമാക്കുന്ന കമ്മിറ്റി രേഖകളും പുറത്തുവിടണമെന്നും സി.ജെ.പി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പൊതു സുരക്ഷാ ഡാറ്റാബേസ് രൂപീകരിക്കാനും സി.ജെ.പി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്‍കുന്ന ഹോസ്റ്റലുകളും പി.ജികളും പോലെയുള്ള ഓരോ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരം ഈ ഡാറ്റാബേസില്‍ ലഭ്യമാക്കണം.
സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അനുമതിയുണ്ടോ എന്നതടക്കമുള്ള വിരങ്ങള്‍ ഈ ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്തണം. താമസ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ഘടനാപരമായി സുരക്ഷിതമാണോ എന്നും സ്ഥാപനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാവണം ഡാറ്റാബേസ് തയ്യാറാക്കേണ്ടതെന്നും സംഘടന വ്യക്തമാക്കി.
ദല്‍ഹി സര്‍വകലാശാലയിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി ദല്‍ഹി സര്‍ക്കാര്‍ ആവശ്യമായ ഹോസ്റ്റലുകള്‍ നിര്‍മിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് പേര്‍ക്കുള്ള താമസ സൗകര്യം ഇപ്പോഴുണ്ട്. എന്നാല്‍ ലക്ഷക്കണക്കിന് പേര്‍ക്കുള്ള താമസ സൗകര്യം ഇനിയും ലഭ്യമാവാനുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യത്തിനായി സുരക്ഷിതമല്ലാത്ത സ്വകാര്യ പി.ജികളെ ആശ്രയിക്കേണ്ട അവസ്ഥ മാറണമെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി.
സത്യ നികേതന്‍ ഹോസ്റ്റല്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കും നഷ്ടപരിഹാരം നല്‍കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം. പരിക്കേറ്റവര്‍ക്ക് 20 ലക്ഷം വീതവും നഷ്ടപരിഹാരം നല്‍കണമെന്നും സി.ജെ.പി വ്യക്തമാക്കി.
സത്യ നികേതന്‍ അപകടവും വിദ്യാര്‍ത്ഥികളുടെ താമസവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാരും വകുപ്പുകളും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ഇതുമായി ബന്ധപ്പെട്ട മന്ത്രി തലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
ഉന്നത തലത്തിലുള്ളവരുടെ ഉത്തരവാദിത്തം ഈ വിഷയത്തില്‍ പരിശോധിക്കപ്പെടണം. ദല്‍ഹിയിലെ നഗരവികസന, ആസൂത്രണ, വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദിന്റെ കീഴില്‍ വരുന്ന 13 ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനം വെട്ടിക്കുറച്ചത് എന്തുകൊണ്ടെന്ന് സി.ജെ.പി ചോദിച്ചു. ആരാണ് അതിന് അംഗീകാരം നല്‍കിയതെന്നും എപ്പോഴാണ് അത്തരം നീക്കമുണ്ടായതെന്നും അതിന് കാരണമെന്താണെന്നും വ്യക്തമാക്കണമെന്നും സി.ജെ.പി കൂട്ടിച്ചേര്‍ത്തു.
Content Highlights: Satya Niketan tragedy: CJP Raises Seven Demands to fix Accountability