| Friday, 11th September 2026, 2:37 pm

സത്യ നികേതന്‍ ഹോസ്റ്റല്‍ അപകടം; നടത്തിപ്പുകാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നതായി തൊഴിലാളി

റെന്വര്‍ പി

ന്യൂദല്‍ഹി: ദല്‍ഹി സത്യ നികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു അപായ സാധ്യതാ മുന്നറിയിപ്പ് ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്ക് ലഭിച്ചിരുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ചുമരിന് തകരാര്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്ക് ഒരു തൊഴിലാളി മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടത്തില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെട്ടിടത്തിന്റെ ഘടനാപരമായ ഉറപ്പിനെ ബാധിച്ചിരുന്നു. ബേസ്‌മെന്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെട്ടിടത്തിന് താങ്ങാന്‍ പറ്റാത്തതായിരുന്നു എന്ന് ‘ഹോസ്റ്റല്‍ ഡേയ്‌സ്’ എന്ന ഹോസ്റ്റല്‍ ശൃംഖല നടത്തിയിരുന്ന സുധാംശുവിനെ വിളിച്ച് താന്‍ പറഞ്ഞിരുന്നതായി തൊഴിലാളി പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ഞായറാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഏഴുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ സുധാംശുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

സത്യ നികേതന്‍ അപകടത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ദല്‍ഹി നഗരത്തിലെ 12 സോണുകളിലായി അപകടകരമായ കെട്ടിടങ്ങള്‍, അനധികൃത നിര്‍മാണങ്ങള്‍, ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ ലംഘനം, കെട്ടിട നിര്‍മ്മാണ ചട്ട ലംഘനം എന്നിവക്കെതിരെ കോര്‍പറേഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യുന്നു.

എല്ലാ സോണുകളിലുമായി 41 അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയതായി നഗരസഭ അറിയിച്ചു. 61 കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും 32 എണ്ണത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും രണ്ട് കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിടുകയും ചെയ്തു. അനധികൃത നിര്‍മ്മാണം, കെട്ടിടങ്ങളുടെ ദുരുപയോഗം, അപകടകരമായ നിര്‍മിതികള്‍ എന്നിവയ്ക്കെതിരായ നടപടികള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും നഗരസഭ അറിയിച്ചു.

സത്യ നികേതനില്‍ ‘ഹോസ്റ്റല്‍ ഡേയ്‌സ്’ നടത്തുന്ന ഏഴ് പി.ജി കെട്ടിടങ്ങളും നഗരസഭാ അധികൃതര്‍ പരിശോധിച്ചിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ കെട്ടിടങ്ങളിലെ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഡല്‍ഹി സര്‍വകലാശാല, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഡല്‍ഹി സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തകര്‍ന്ന കെട്ടിടത്തിന് നിര്‍മാണ അനുമതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കാന്‍ എം.സി.ഡിക്ക് കോടതി നിര്‍ദേശം നല്‍കുകടയും ചെയ്തിരുന്നു.

കെട്ടിടം അനുമതിയില്ലാതെയാണ് നിര്‍മിച്ചതെന്ന് കണ്ടെത്തിയാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റാനുള്ള ആവശ്യം സുപ്രീം കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ജസ്റ്റിസുമാരായ അഹ്സനുദ്ദീന്‍ അമാനുള്ള, ആര്‍. മഹാദേവന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. ദല്‍ഹിയിലെ പേയിംഗ് ഗസ്റ്റ് സൗകര്യങ്ങളില്‍ ഉള്‍ക്കൊള്ളനാവുന്നതിലധികം താമസക്കാരുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങളില്‍ അപര്യാപ്തതയുണ്ടെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു.

ദല്‍ഹിയില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും താങ്ങാനാവുന്നതും മതിയായതുമായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സമഗ്രമായ നയം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍, ദല്‍ഹി സര്‍ക്കാര്‍, ഡല്‍ഹി സര്‍വകലാശാല, എന്നിവയ്ക്ക് ദല്‍ഹി ഹൈക്കോടതി ബുധനാഴ്ച നോട്ടീസ് അയച്ചിരുന്നു.

Content Highlight: Satya Niketan Building Collapse-Updates

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more