| Saturday, 9th May 2026, 5:19 pm

ഡാര്‍ക്ക് ഹ്യൂമറാക്കി പറഞ്ഞാല്‍ സംഘികള്‍ക്ക് മനസിലാവില്ല; ചര്‍ച്ചയായി മോഹിനിയാട്ടത്തിലെ ആക്ഷേപഹാസ്യം

അശ്വിന്‍ രാജേന്ദ്രന്‍

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ്, ബേബി ജീന്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ഭരതനാട്യം 2 മോഹിനിയാട്ടം. 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം ആദ്യ ഭാഗത്തെക്കാള്‍ മികച്ച വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. വാഴ 2വിന്റെ തേരോട്ടത്തിനിടയില്‍ അര്‍ഹിച്ച വിജയം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും ഒ.ടി.ടിയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ പെടുന്ന ചിത്രത്തിലെ ഉള്ളടക്കത്തിനും സംവിധായകന്‍ ഹാസ്യം ഉപയോഗിച്ച രീതിക്കുമെല്ലാം വലിയ കൈയടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആക്ഷേപ ഹാസ്യരൂപത്തില്‍ കൃഷ്ണദാസ് മുരളി കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കണക്കിന് പരിഹസിക്കുന്നുണ്ടെന്ന് കാണാം. ചിത്രത്തില്‍ പരാമര്‍ശിച്ച പല കാര്യങ്ങളും സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണുവെട്ടിച്ച് തിയേറ്ററുകളിലെത്തിച്ച കൃഷ്ണദാസ് മുരളിയുടെ മേക്കിങ്ങിനെയാണ് പലരും പ്രശംസിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് സമീപകാലത്ത് പുറത്തിറങ്ങുന്ന പല ചിത്രങ്ങള്‍ക്കും കത്രിക വെക്കുന്ന രീതി പതിവാകുന്ന സാഹചര്യത്തിലാണ് മോഹിനിയാട്ടത്തിലെ ഉള്ളടക്കം ചര്‍ച്ചയാകുന്നത്.

ഭരതനാട്യം 2 മോഹിനിയാട്ടം. Photo: X.com

ആദ്യഭാഗമായ ഭരതനാട്യത്തില്‍ ഭരതന്‍ നായരുടെ രണ്ട് കുടുംബത്തിനിടയില്‍ നടക്കുന്ന സംഭവങ്ങളാണ് കഥാപശ്ചാത്തലമെങ്കില്‍ രണ്ടാം ഭാഗത്തിലേക്കെത്തുമ്പോള്‍ ഇത് കൂടുതല്‍ വിശാലമാകുന്നുണ്ടെന്ന് കാണാം. സാങ്കല്പികമായ ആര്യങ്കാവ് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. കാര്യസാധ്യത്തിന് വേണ്ടി സൈജു കുറുപ്പ് അവതരിപ്പിച്ച ശശിധരനും കുടുംബവും ക്ഷേത്രത്തില്‍ പോയി ശയനപ്രദര്‍ശനവും തലയ്ക്ക് തേങ്ങയടിച്ച് പൊട്ടിക്കുന്നതും ചിത്രത്തില്‍ കാണാം. എന്നാല്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജ ക്ഷേത്രത്തെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തുമ്പോള്‍ ശശിധരനൊപ്പം പ്രേക്ഷകരും തലയില്‍ കൈവെക്കുന്നുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്തിരുന്ന കാലത്ത് തങ്ങള്‍ക്ക് കിട്ടിയിരുന്ന കൈക്കൂലി സൗകര്യപൂര്‍വം കൈക്കലാക്കാനായി തുടങ്ങിയതാണ് ഈ ക്ഷേത്രമെന്നാണ് ഗോവിന്ദരാജയുടെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് നല്‍കിയ പേരാകട്ടെ ശശിധരന്റെ മുത്തശ്ശിയുടെതും രൂപം അമ്മയുടെതുമാണെന്നത് കൂട്ടച്ചിരിയ്ക്ക് വഴിവെക്കുന്നു. എന്നാല്‍ ഇത്തരം അനാചാരങ്ങള്‍ക്കിട്ട് സംവിധായകന്‍ ശരിക്കും കൊട്ടുന്നത് ക്ഷേത്രം ആരംഭിക്കാനായി ഭരതന്‍ നായര്‍ സൃഷ്ടിച്ച കഥയിലൂടെയാണ്. ലങ്കയിലേക്ക് പോകാനായി രാമന്‍ ഒരു സ്ത്രീയോട് വഴി ചോദിക്കുകയും തളര്‍ന്നിരുന്ന രാമന് അവര്‍ കുടിക്കാനായി സംഭാരവും കഴിക്കാനായി മിക്‌സ്ച്ചറും കൊടുത്തെന്നാണ് ക്ഷേത്രത്തിന്റെ രൂപീകരണത്തിനുള്ള ഐതിഹ്യമായി കമ്മിറ്റിക്കാര്‍ പടച്ചുണ്ടാക്കിയ കഥ.

പിന്നീട് ചിത്രത്തിന്റെ അവസാന ഭാഗത്തോട് അടുപ്പിച്ച് ക്ഷേത്രപരിസരത്ത് നടത്തുന്ന കനലിലൂടെ ഓടുന്ന ആചാരം കാണിക്കുന്ന സീനും സമകാലിക പ്രസക്തിയുള്ളതാണെന്ന് കാണാം. ഭരതനാട്യത്തില്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ഗൃഹപൂജ എന്ന പേരില്‍ പുതിയ ഒരു ആചാരം കൊണ്ടുവരുന്നതും തന്റെ ദേഹത്ത് ഭഗവതി ഒന്നും കയറാറില്ലെന്ന് വെളിച്ചപ്പാട് പറയുന്നതുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിലേക്കെത്തുമ്പോള്‍ സമൂഹത്തിലെ ദുരാചാരങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് കാണാം.

Photo: screen grab/ Netflix

ഹിന്ദു ആചാരങ്ങളുമായി ബന്ധപ്പെട്ട് സിനിമകളില്‍ വരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കെതിരെയും മുറവിളിക്കൂട്ടി കൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംഘരാഷ്ട്രീയത്തിന്, ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറായത് കൊണ്ട് ചിത്രത്തില്‍ സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. ഇക്കൂട്ടര്‍ക്ക് ഇത് മനസിലായി വരുമ്പോഴേക്ക് ചിത്രം എല്ലാവരും കണ്ട് കഴിഞ്ഞിട്ടുണ്ടാകുമെന്നും പരിഹസിക്കുന്നവരുണ്ട്.

Content Highlight: Sattire in Mohiniyattam movie goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more