| Sunday, 3rd May 2026, 8:07 pm

സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകളുണ്ടോ? അവരെ ഉപയോഗിക്കണ്ടത് ഇങ്ങനെ; പേട്രിയറ്റിന് പിന്നാലെ വൈറലായി പോസ്റ്റ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ ഇനിയാരൊക്കെ വന്നുപോയാലും പ്രേക്ഷകര്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ച അഭിനേതാക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റുകള്‍ ഇന്‍ഡസ്ട്രിയില്‍ രൂക്ഷമാണെങ്കിലും ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങള്‍ നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇത്തരത്തില്‍ ഏറെ സവിശേഷതകളോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. വന്‍താരനിര അണിനിരന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും വലിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂസ് പേട്രിയറ്റിനെതിരെ സമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രമായത് കൊണ്ട് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. കാലിക പ്രസക്തിയുള്ള വിഷത്തിലൂന്നി കഥ പറഞ്ഞ ചിത്രം മികച്ച ക്വാളിറ്റിയിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെങ്കിലും സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടത്ര മാസ് എലമെന്റ്‌സ് സംവിധായകര്‍ നല്‍കിയില്ല എന്നതാണ് ചിത്രത്തിനെതിരെ ചീത്തവിളിയുമായി ഒരു കൂട്ടം പ്രേക്ഷകര്‍ എത്തുന്നതിന്റെ പ്രധാന കാരണം.

പേട്രിയറ്റ്. Photo: IMDB

എന്നാല്‍ ഇനി ഇത്തരത്തില്‍ സംഭവിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ആക്ഷേപഹാസ്യ രൂപത്തില്‍ സംവിധായകനെ ഉപദേശിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആറോളം നിര്‍ദേശങ്ങളാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി സിനിമയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നാണ് പോസ്റ്റില്‍ പറയുന്നത്.

സൂപ്പര്‍ സ്റ്റാര്‍സിനെ നായകരാക്കി സിനിമയെടുക്കുമ്പോള്‍ മാസിനാണ് പ്രധാന്യം നല്‍കേണ്ടതെന്നാണ് ആദ്യത്തെ നിര്‍ദേശം. ചിത്രത്തില്‍ പറയുന്ന കണ്ടെന്റിന് രണ്ടാമതാണ് സ്ഥാനമെന്നും നായകന്റെ സ്റ്റാര്‍വാല്യൂവിന് താഴെയാണ് കഥ നില്‍ക്കേണ്ടതെന്നും പോസറ്റില്‍ പറയുന്നു.

സ്‌ക്രിപ്റ്റ്, ലോജിക്ക്, നറേറ്റീവ് തുടങ്ങി സിനിമയുടെ ബേസിക് കാര്യങ്ങളുടെയൊന്നും ആവശ്യമില്ലെന്നും ഫാന്‍ സര്‍വീസ് മാത്രമായി ചിത്രം ചുരുക്കണമെന്നും സര്‍ക്കാസം രൂപത്തില്‍ ആവശ്യപ്പെടുന്നത് കാണാം. മോഹന്‍ലാല്‍ എന്ന താരത്തെ ഒരിക്കലും റിയലിസ്റ്റിക്കായി ട്രീറ്റ് ചെയ്യരുതെന്നും ഓവറായിട്ടുള്ള മാസ് എലവേഷന്‍ അദ്ദേഹത്തിന് എപ്പോഴും നല്‍കണമെന്നും മുന്നോട്ട് വെച്ച നിര്‍ദേശങ്ങളിലൊന്നാണ്.

മറ്റ് ഇന്‍ഡസ്ട്രികളിലെ പോലെ ഹോളിവുഡ് സ്‌റ്റൈല്‍, ടെക്‌നിക്കല്‍ അപ്രോച്ച് മലയാളത്തില്‍ വര്‍ക്ക് ആവില്ലെന്നും ഇവിടെ തിയേറ്ററുകളില്‍ വിസലടിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും നിലവിലെ സാഹചര്യത്തിലെ വിലയിരത്തലുകളിലൊന്നാണ്. സീനുകളെല്ലാം കാണുന്നവര്‍ക്ക് സ്പൂണ്‍ ഫീഡ് ചെയ്ത് നല്‍കണമെന്നും ഇല്ലെങ്കില്‍ പലര്‍ക്കും ലോജിക്ക് മനസിലാകില്ലെന്നും ആക്ഷപമുണ്ട്. നേരത്തേ പറഞ്ഞതുപോലെ ഫാന്‍സിനെ സാറ്റിസ്‌ഫൈ ചെയ്യാന്‍ കഥയെക്കാള്‍ ഹീറോ മൊമന്റ്‌സിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Photo: AB George/ X.com

ബിഗ് എംസിന് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, നയന്‍താര, ഷെറിന്‍ ശിഹാബ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിനെ ഉപയോഗിച്ച രീതി ശരിയായില്ലെന്നാരോപിച്ചാണ് വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും. അതേസമയം ലോണ്‍ ആപ്പ്, പെഗാസസ്, സഞ്ചാര്‍ സാഥി, ആധാര്‍ കാര്‍ഡ് തുടങ്ങി രാജ്യത്തെ ചര്‍ച്ചാവിഷയമായ പല കാര്യങ്ങളും പേട്രിയറ്റില്‍ ഉള്‍പെടുത്തിയ മഹേഷ് നാരായണന് വലിയ പ്രശംസയും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്.

Content Highlight: Satire post about Patriot movie goes viral in social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more