വിജേഷ് പാണത്തൂരിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി തിയേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ചിത്രമായിരുന്നു പ്രകമ്പനം. സാഗര്‍ സൂര്യ, ഗണപതി, അല്‍ അമീന്‍, മല്ലിക സുകുമാരന്‍ തുടങ്ങി വന്നവരും പോയവലുമെല്ലാം തകര്‍ത്താടിയ ചിത്രം ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. എറണാകുളത്തെ ഒരു കോളേജ് ഹോസ്റ്റലില്‍ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ കണ്ണൂരിലെ ഇടതുപക്ഷ രാഷ്ട്രീയത്തെയും ആക്ഷേപഹാസ്യ രൂപത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രകമ്പനം. Photo: Cinema Express
കോളേജിലെ എസ്.എഫ്.ഐ നേതാവായ ഗണപതിയുടെ കഥാപാത്രം സിദ്ധുവിന്റെ അച്ഛമ്മയുടെ ചിതാഭസ്മം സുഹൃത്ത് മൂക്കില്‍ വലിക്കുന്നതും തുടര്‍ന്ന മല്ലിക സുകുമാരന്റെ അച്ഛമ്മയുടെ ആത്മാവ് സാഗര്‍ സൂര്യയുടെ പുണ്യളനുമേല്‍ കയറിക്കൂടുന്നതുമാണ് കഥക്ക് ആധാരം. ഹൊറര്‍ കോമഡി ഴോണര്‍ ഭംഗിയായി അവതരിപ്പിച്ച ചിത്രത്തില്‍ കണ്ണൂരിലെ രാഷ്ട്രീയം നര്‍മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
കണ്ണൂരിലെ ഒരു ഇടത് രാഷ്ട്രീയ കുടുംബത്തില്‍ നടക്കുന്ന കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. മരിച്ചുപോയവര്‍ക്ക് നേര്‍ച്ച നല്‍കുന്ന മല്ലിക സുകുമാരനും ഇതിനെ എതിര്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരായ മക്കളും ഇവരുടെ മാനറിസങ്ങളും ഡയലോഗ് ഡെലിവെറിയുമെല്ലാം മികച്ച രീതിയിലാണ് ചിത്രത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങളാണെന്ന് പറഞ്ഞുകൊണ്ട് മാതാപിതാക്കളുടെ പല രീതികളെയും ഇവര്‍ എതിര്‍ക്കുന്നത് കാണാം.
എന്നാല്‍ ചിത്രത്തില്‍ കടന്നുവരുന്ന സനേഷ് ഗിന്നസ് അവതരിപ്പിച്ച കണ്ണൂര്‍ സഖാവ് എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പലരുടെയും ഇഷ്ടം പിടിച്ചുപറ്റിയത്. പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത, മുന്നും പിന്നും നോക്കാത്ത കഥാപാത്രം സ്‌ക്രീനിലെത്തുമ്പോഴെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നുണ്ട്. കണ്ണൂരിലെ മരണവീട്ടിലെത്തിയ പുണ്യാളന്‍ കോളേജിലെ തെരഞ്ഞെടുപ്പിന് വേണ്ടി രണ്ട് നാടന്‍ ബോംബുണ്ടാക്കി തരുമോ എന്ന് ചോദിക്കുമ്പോള്‍ സനേഷ് മറുപടി പറയുന്ന രീതി രസകരമാണ്.
പ്രകമ്പനം. Photo: Cinema Express
‘നിങ്ങള്‍ കുറേ പേര്‍ക്കൊരു വിചാരമുണ്ട് കണ്ണൂരുള്ള മനുഷ്യന്മാരെല്ലാം കക്ഷത്തില്‍ ബോബും വെച്ച് നടക്കുകയാണെന്ന്’ നാടന്‍ കണ്ണൂര്‍ സ്ലാങ്ങില്‍ അസാധ്യമായിട്ടാണ് ചിത്രത്തില്‍ ഡയലോഗ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഡയലോഗ് കേള്‍ക്കുമ്പോള്‍ അക്രമ രാഷ്ട്രീയത്തിനും ബോംബിനും കഥാപാത്രം എതിരാണെന്ന് പ്രേക്ഷകര്‍ കരുതുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത നിമിഷം ചലഞ്ച് ഏറ്റെടുത്ത് ഹോസ്റ്റലിലേക്ക് കണ്ണൂര്‍ സഖാവ് താമസം മാറുന്നുണ്ട്. ചിത്രത്തില്‍ ഒരു ഘട്ടത്തില്‍ പുണ്യാളന്റെ ആവശ്യപ്രകാരം ഉണ്ടാക്കിയ കൈ ബോംബ് എറിഞ്ഞ് പൊട്ടിക്കുന്നതും കാണാം.
ഇതിന് പുറമെ തീര്‍ത്തും അവിശ്വാസികളായ പാര്‍ട്ടി കുടുംബം ചിത്രത്തിന്റെ അവസാനത്തോടെ കടുംപിടുത്തങ്ങളെല്ലാം മാറ്റിവെച്ച് കാരണവന്മാര്‍ക്ക് നേര്‍ച്ച നല്‍കുന്നതും ബലിദര്‍പ്പണം നടത്താന്‍ സമ്മതം മൂളുന്നതും കാണാം. ഹൊറര്‍ കോമഡിയെന്ന മലയാളത്തില്‍ അധികം പേര്‍ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഴോണറിനൊപ്പം ആക്ഷേപഹാസ്യവും സംവിധായകന്‍ മികച്ച രീതിയില്‍ പ്രകമ്പനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: Satire in Prakambanam movie Directed by Vijesh Panathur