തമിഴ്‌നാട്ടിലെ തിയേറ്ററുകളെല്ലാം ഇപ്പോള്‍ ഉത്സവപ്പറമ്പാക്കി മാറിയിരിക്കുകയാണ്. സൂപ്പര്‍താരങ്ങളുടെ പുതിയ സിനിമകള്‍ മാത്രമല്ല, പഴയ സിനിമകളുടെ രണ്ടാം വരവും ആരാധകര്‍ ആഘോഷമാക്കി മാറ്റുമെന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് അജിത് നായകനായ മങ്കാത്ത. ചിത്രത്തിന്റെ 15ാം വാര്‍ഷികത്തില്‍ ലഭിച്ച റീ റിലീസ് ആരാധകര്‍ കൊണ്ടാടുകയാണ്.
അജിത്തിന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു മങ്കാത്ത. 50ാമത്തെ സിനിമയില്‍ അതുവരെയുണ്ടായിരുന്ന കണ്‍വെന്‍ഷണല്‍ രീതികളെയെല്ലാം തകര്‍ത്തുകൊണ്ടാണ് മങ്കാത്തയില്‍ അജിത് അഴിഞ്ഞാടിയത്. ആദ്യാവസാനം നെഗറ്റീവ് ഷെയ്ഡ് നിറഞ്ഞ വിനായക് എന്ന കഥാപാത്രത്തിന് പ്രത്യേക ഫാന്‍ ബേസുണ്ട്. റീ റിലീസ് ആഘോഷമാകുന്നതിനിടയില്‍ ചിത്രത്തിന്റെ പിന്നാമ്പുറ കഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
അന്നത്തെ കാലത്ത് ടോപ് ലീഗില്‍ നില്‍ക്കുന്ന അജിത്തിനെപ്പോലൊരു സൂപ്പര്‍താരം ഒരിക്കലും മങ്കാത്ത പോലൊരു സിനിമ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. ഗോവ എന്ന യൂത്ത് ഹിറ്റിന് ശേഷം വെങ്കട് പ്രഭു അണിയിച്ചൊരുക്കിയ ഹീസ്റ്റ് ത്രില്ലറാണ് മങ്കാത്ത. വന്നവരും പോയവനുമെല്ലാം നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമായ സ്‌ക്രിപ്റ്റായിരുന്നു മങ്കാത്തയുടേത്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ വിനായക് എന്ന കഥാപാത്രമായി സത്യരാജായിരുന്നു വെങ്കടിന്റെ മനസില്‍.
പ്രേംജി, വൈഭവ്, മഹത് എന്നിവരുടെ വേഷത്തില്‍ ജീവ, വിവേക് ഒബ്രോയ് എന്നിവരെയും സംവിധായകന്‍ മനസില്‍ കണ്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ അജിത്തിനെ കാണാന്‍ സാധിച്ച സമയത്ത് വെങ്കട് മങ്കാത്തയുടെ വണ്‍ ലൈന്‍ അജിതുമായി പങ്കുവെച്ചു. ആദ്യം കേട്ടപ്പോള്‍ അജിത്തിന് കഥ ഇഷ്ടപ്പെടുകയായിരുന്നു. താനിത് ചെയ്യാമെന്ന് അജിത് പറഞ്ഞതോടെ സിനിമയുടെ മൊത്തം കാസ്റ്റിങ്ങും വെങ്കട് പ്രഭു പൊളിച്ചെഴുതി.
വിനായക് മഹാദേവായി അജിത് എത്തുമ്പോള്‍ കൂടെ കട്ടക്ക് നില്‍ക്കുന്ന പൃഥ്വിരാജ് എന്ന കഥാപാത്രമായിരുന്നു നാഗാര്‍ജുനയെയായിരുന്നു സംവിധായകന്‍ സമീപിച്ചത്. എന്നാല്‍ നാഗാര്‍ജുന പ്രതിഫലം താങ്ങാവുന്നതിലുമധികമായിരുന്നു. തുടര്‍ന്നാണ് ആക്ഷന്‍ കിങ് അര്‍ജുന്‍ മങ്കാത്തയുടെ ഭാഗമാകുന്നത്. അജിത്- അര്‍ജുന്‍ കോമ്പോ ആരാധകര്‍ക്ക് ഫ്രഷ് ഫീല്‍ സമ്മാനിച്ചു. ചെറിയ വേഷമായതുകൊണ്ട് ആദ്യം ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും അജിത്തിന്റെ 50ാമത് സിനിമയയാതുകൊണ്ട് മാത്രം അര്‍ജുന്‍ ഓക്കെ പറയുകയായിരുന്നു.
ഒരു സൂപ്പര്‍താരം കരിയറില്‍ ആദ്യാവസാനം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യുക എന്നത് ഇന്ന് പലര്‍ക്കും പുതുമയായി തോന്നില്ല. എന്നാല്‍ കരിയറിലെ 50മാത് ചിത്രത്തില്‍ ഇത്രയും ഡെയറിങ്ങായൊരു വേഷം ചെയ്യുകയും അത് ബ്ലോക്ക്ബസ്റ്ററാക്കുകയും ചെയ്യുന്നത് പലര്‍ക്കും സ്വപ്‌നം മാത്രമാണ്. അജിത്തിന്റെ കരിയറില്‍ പലപ്പോഴും ഇത്തരം ചാലഞ്ചിങ് വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും ബെസ്റ്റ് മങ്കാത്ത തന്നെയായിരിക്കും.
കൂടെ നില്‍ക്കുന്നവരെയെല്ലാം ചതിച്ച് ലക്ഷ്യം നേടുന്ന ആന്റി ഹീറോ സിനിമയുടെ അവസാനം വരെ വിജയിക്കുക എന്ന അപൂര്‍വമായ കഥപറച്ചിലാണ് മങ്കാത്തയുടേത്. തന്റെ സ്വാഗും സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് ‘തല’ മങ്കാത്തയെ ഗംഭീരമാക്കിയപ്പോള്‍ ഫാന്‍ബോയ് യുവനും അഴിഞ്ഞാടി. ടൈറ്റില്‍ കാര്‍ഡ് മുതല്‍ എന്‍ഡ് ക്രെഡിറ്റ് വരെ ഗ്രാഫ് താഴാതെ പോയ മങ്കാത്ത ആരാധകര്‍ ഇനിയും ആഘോഷമാക്കുമെന്ന് ഉറപ്പാണ്.
Content Highlight: Sathyaraj was the first choice in Ajith’s role in Mankatha