| Sunday, 16th August 2026, 5:48 pm

ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ തന്നെ അത് ഓടില്ലെന്ന് എനിക്കറിയാമായിരുന്നു, അതിനൊരു കാരണവുമുണ്ട്: സത്യരാജ്

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച താരങ്ങളിലൊരാളാണ് സത്യരാജ്. തമിഴില്‍ വില്ലനായി കരിയറാരംഭിച്ച താരം പിന്നീട് നായകവേഷത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. 90കളില്‍ തമിഴില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യരാജ് തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സംവിധാന രംഗത്തും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

തമിഴില്‍ സത്യരാജ് നായകനായ ചിത്രങ്ങള്‍ പലതും മലയാളത്തിലെ ഹിറ്റ് സിനിമകളുടെ റീമേക്കുകളായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളായ പൂവിന് പുതിയ പൂന്തെന്നല്‍, ഹിറ്റ്‌ലര്‍, ആവനാഴി, മോഹന്‍ലാലിന്റെ ചിത്രം, രാജാവിന്റെ മകന്‍ തുടങ്ങിയവ റീമേക്ക് ചെയ്താണ് സത്യരാജ് കോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്.

സത്യരാജ് Photo: Screen grab/ Club FM

ഇഷ്ടപ്പെട്ട മലയാള സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. തമിഴില്‍ തനിക്ക് ഒരു ജീവിതം തന്നത് മലയാളസിനിമകളാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴില്‍ തന്റെ ഹിറ്റ് സിനിമകളില്‍ പലതും മലയാളത്തിലെ റീമേക്കുകളായിരുന്നെന്നും അതെല്ലാം തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്ത പടങ്ങളാണ് തമിഴില്‍ എനിക്ക് ഒരു ലൈഫ് തന്നത്. ആ മലയാള പടങ്ങളെല്ലാം എന്റെ ഫേവറെറ്റാണ്. വാര്‍ത്ത, ആവനാഴി അങ്ങനെ പല പടങ്ങളും തമിഴില്‍ എനിക്ക് ഹിറ്റായിരുന്നു. ഫേവറെറ്റ് ഏതാണെന്ന് ചോദിച്ചാല്‍ ചിത്രം. ആ പടവും ഞാന്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അത് റീമേക്ക് ചെയ്യുമ്പോള്‍ തന്നെ തമിഴില്‍ ഹിറ്റാകില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

കാരണം, ലാല്‍ സാറിന്റെയടുത്ത് ഒരു പ്രത്യേക ക്യൂട്ട്‌നെസ്സുണ്ട്. അത് എനിക്ക് കിട്ടില്ല. അക്കാര്യം ഞാന്‍ ആദ്യമേ പറയുകയും ചെയ്തു. ചിത്രം എന്റെ ഫേവറെറ്റുകളിലൊന്നാണ്. അതുപോലെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് മമ്മൂട്ടി സാറിന്റെ അമരം. കടല്‍ത്തീരം പശ്ചാത്തലമാക്കിയ ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ സത്യരാജ് പറയുന്നു.

സത്യരാജിന്റെ ഏറ്റവും പുതിയ ചിത്രം ജി.ഡി.എന്‍ അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. മാധവന്‍ നായകനായെത്തിയ ചിത്രം തമിഴ്‌നാട് സ്വദേശിയായ ജി.ഡി നായിഡുവിന്റെ ജീവിതകഥയാണ് പറയുന്നത്. മാധവനും സത്യരാജിനും പുറമെ ജയറാം, ദുഷാര വിജയന്‍, പ്രിയാമണി, വിജയ് യേശുദാസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.

Content Highlight: Sathyaraj shares the experience of remaking Chithram

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more